
ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത് മരണത്തിന്റെ കൂട്ടുകെട്ടിലൂടെയാണെന്നത് നൂറുശതമാനം സത്യമാണ്. ഓരോ മൃതദേഹവും ഓരോ ഗുരുവാണ്. ആ ഗുരുവിൽ നിന്ന് ശരീരത്തിന്റെ ഘടനയെയും പ്രവർത്തനങ്ങളെയും കുറിച്ച് പഠിച്ചാണ് ലോക പ്രശസ്തരായ ഡോക്ടർമാർ ഉണ്ടാവുന്നത്. നാം പേടിയോടെ മാത്രം കേട്ടിരുന്ന രോഗങ്ങൾക്ക് മറുമരുന്ന് കണ്ടുപിടിച്ചതും ഈ ഗുരുവിന്റെ സഹായത്തോടെയാണ്. ഈ ഗുരുവില്ലെങ്കിൽ…. ആലോചിക്കാൻ പോലുമാകുന്നില്ല അല്ലേ. ഇത്തരം ഗുരുനാഥന്മാരെ ഭാവിയിലെ ഡോക്ടർമാർക്ക് സംഭാവന ചെയ്യുന്നതും നാം തന്നെയാണ്.
കഴിഞ്ഞദിവസം സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽകോളേജിന് കൈമാറുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ മൃതദേഹ ദാനം എന്ന വിഷയം വീണ്ടും ചർച്ചയാക്കി. സിപിഎം ജനറൽ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരി , മുൻ ബംഗാൾ മുഖ്യമന്ത്രിയും സമുന്നത സിപിഎം നേതാവുമായിരുന്ന ജ്യോതി ബസു തുടങ്ങിയ പ്രമുഖരും അല്ലാത്തവരുമായ നിരവധി പേരും തങ്ങളുടെ മൃതദേഹങ്ങൾ പഠനാവശ്യത്തിനായി വിട്ടുകൊടുത്തിട്ടുണ്ട്.
വെറും മൃതദേഹങ്ങളല്ല
വൈദ്യശാസ്ത്ര പഠനത്തിനായി എത്തുന്ന കുട്ടികൾ മൃതദേഹ ഭാഗങ്ങൾ കണ്ടും തൊട്ടും കീറിമുറിച്ചുമൊക്കെയാണ് മനുഷ്യ ശരീരത്തെക്കുറിച്ച് പഠിക്കുന്നത്. പഠനത്തിന്റെ ഒന്നാം വർഷത്തിൽ മൃതദേഹങ്ങൾ കീറിമുറിച്ചുള്ള പഠനത്തിലൂടെ ശരീരത്തിലെ അതിസൂഷ്മങ്ങളായ നാഡികളെയും ഞരമ്പുകളെയും കുറിച്ചുള്ള ഏകദേശ ധാരണ കുട്ടി ഡോക്ടർമാക്ക് ലഭിക്കുന്നു.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ആവശ്യത്തിന് മൃതദേഹങ്ങൾ ലഭിക്കുക എന്നത് വലിയൊരു പ്രതിബന്ധം തന്നെയാണ്. കേടുപാടുകളില്ലാത്ത മൃതദേഹങ്ങളിൽ മാത്രമേ പഠനം നടക്കൂ. അതിനാൽ അത്തരത്തിലുള്ളവ തന്നെ വേണം. പകർച്ചവ്യാധി പിടിപെട്ടതോ, അഴുകിയതോ, പോസ്റ്റുമോർട്ടം ചെയ്തതോ ആയ മൃതദേഹങ്ങൾ പഠനത്തിനായി എടുക്കില്ലെന്ന് അർത്ഥം. അതുപോലെ അവയവദാനം കഴിഞ്ഞ (കണ്ണുകൾ ഒഴികെ) മൃതദേഹങ്ങളും പഠനാവശ്യത്തിനായി എടുക്കില്ല. സ്വമേധയാ മൃതദേഹ ദാനം നടത്തുന്നവർ വളരെ ചുരുക്കമാണ്. മതപരമായ വിശ്വാസങ്ങളാണ് കൂടുതൽപ്പേരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.
കുട്ടികൾക്ക് മുന്നിലെത്തുന്നത് ഒറിജിനലിനെപ്പോലെ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു വർഷം പഠനാവശ്യത്തിനായി ഇരുപത് മൃതദേഹങ്ങളാണ് വേണ്ടത്. എംബിബിഎസ്, ബിഡിഎസ്, പിജി എന്നീ വിഭാഗങ്ങൾക്കെല്ലാം കൂടിയാണ് ഇത്രയും . ഒരു മൃതദേഹം കിട്ടിയാലുടൻ അതിനെ എംബാം ചെയ്യും. മൃതദേഹം അഴുകാതിരിക്കാനുള്ള സംവിധാനമാണിത് . പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ എംബാമിംഗ് സൊല്യൂഷൻ ശരീരത്തിനുള്ളിലേക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്. കാലിലെ ആർട്ടറിയിലൂടെ കഴുത്തിന് കീഴ്പ്പോട്ടുളള ഭാഗത്തേക്കും കണ്ണിന് താഴ് ഭാഗത്തുകൂടി തലയിലേക്കും സൊല്യൂഷൻ കടത്തിവിടുന്നു. പത്തുലിറ്റർ സൊല്യൂഷനാണ് ഇങ്ങനെ കടത്തിവിടുന്നത്. എംബാമിംഗ് പൂർത്തിയായതിനുശേഷം മൃതദേഹങ്ങൾ പ്രത്യേക ടാങ്കിലേക്ക് മാറ്റും. പിന്നീട് പഠനാവശ്യത്തിനായി മാത്രമേ ടാങ്കിൽ നിന്ന് പുറത്തെടുക്കൂ. ഭാവി ഡോക്ടർമാരെ മനുഷ്യ ജീവൻ വച്ചുള്ള കളിക്ക് സജ്ജരാക്കാനായി മേശപ്പുറത്ത് കാത്തുകിടക്കുമ്പോഴും നേരിയ നിറവ്യത്യാസമൊഴികെ മറ്റൊരു മാറ്റവും ഈ മൃതദേഹങ്ങൾക്കുണ്ടാവില്ല. ഓരോ നെർവിന്റെയും സഞ്ചാരപാതയുൾപ്പടെ സസൂക്ഷ്മം കണ്ടറിഞ്ഞ്, തൊട്ടറിഞ്ഞ് പഠിക്കാൻ ഭാവിയിലെ ഡോക്ടർമാർക്കാകുന്നതും അതിനാൽ തന്നെ.
മുന്നിൽ തുറക്കുന്നത് വിശാല ക്യാൻവാസ്
മനുഷ്യ ശരീരം എന്നും അത്ഭുതങ്ങളുടെ കലവറയാണ്. മസിലുകൾ, നെർവുകൾ, ആർട്ടറി, വെയിൻ, എല്ലുകൾ, ആന്തരികാവയവങ്ങൾ എന്നുതുടങ്ങി കേട്ടും പഠങ്ങളിലൂടെ കണ്ടും മാത്രം പരിചയമുളളവ നമ്മുടെ മുന്നിൽ അനാവൃതമാകുകയാണ്. അദ്ധ്യാപകന്റെ ശിക്ഷണത്തിൽ മൃതശരീരം ഓരോ ഇഞ്ചും കീറിമുറിക്കുമ്പോൾ അവയെല്ലാം നമുക്കുമുന്നിൽ തെളിഞ്ഞുവരുന്നു. ഫോർമാലിന്റെ രൂക്ഷ ഗന്ധം സഹിക്കാൻ കഴിയാതെയും ശരീരത്തിനുള്ളിലെ ഭാഗങ്ങൾ കണ്ടതിന്റെയും പേടിയിൽ ബോധംകെട്ടുവീണവരും ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തവരും നിരവധിയുണ്ടെന്നാണ് അനാട്ടമി അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തന്നുത്. ഇങ്ങനെയുള്ളവരിൽ പലരും പിന്നീട് അതിപ്രശസ്തരായ സർജൻമാരും ഫോറൻസിക് സർജൻമാരുമാെക്കെ ആയിട്ടുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
അവസാനം സംസ്കാരം തന്നെ
ഘടനാപരമായ വൃത്യാസങ്ങൾ ഉൾപ്പെടെ പഠിക്കാൻ സ്ത്രീകളുടെയും പുരുഷന്മാരുടെയും മൃതദേഹങ്ങൾ ഇടകലർത്തിയാണ് ഓരോ ബാച്ചിനും നൽകുന്നത്. പഠനം കഴിയുന്നതോടെ എല്ലുകൾ ഉൾപ്പെടെ കുറച്ചുഭാഗങ്ങൾ മാത്രമാകും ശേഷിക്കുക. ഇതിന് മണ്ണിലേക്കുതന്നെയാകും മടക്കം. മെഡിക്കൽ കോളേജിനോട് ചേർന്ന് ഇത്തരം ഭാഗങ്ങൾ സംസ്കരിക്കാൻ പ്രത്യേക സ്ഥലം ഉണ്ടാവും. അവിടെ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. നേരത്തേ പഠനാവശ്യത്തിനായി എല്ലുകൾ വീണ്ടെടുത്തിരുന്നെങ്കിലും ഇപ്പോൾ അതില്ലത്രേ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിങ്ങൾക്കും ദാനം ചെയ്യാം
ശരീരം ദാനം ചെയ്യാൻ ഭൂരിപക്ഷത്തിനെയും പിന്നോട്ട് വലിക്കുന്നത് മതപരമായ ചട്ടക്കൂടുകളാണ്. പുനർജന്മവും മരണാനന്തര ജീവതവുമാെക്കെ വിശ്വാസത്തിന്റെ ഭാഗമാകുമ്പോൾ ശരീരം ദാനംചെയ്യാൻ അവർ മടിക്കുന്നു. ഇനി സ്വയമേവ ദാനം ചെയ്താലും മരിച്ചുകഴിയുമ്പോൾ ബന്ധുക്കൾ ശരീരം നൽകാൻ തയ്യാറായെന്നുവരില്ല. അതിനാൽ തന്നെ ഈശ്വരവിശ്വാസവും മരണാനന്തര വിശ്വാസവും ഇല്ലാത്തവരാണ് ശരീരദാതാക്കളിൽ ഭൂരിപക്ഷവും.
പഠനാവശ്യങ്ങൾക്ക് ശരീരം ദാനം ചെയ്യുന്നത് വളരെ ലളിതമാണ്. ഇതിനായി മെഡിക്കൽ കോളേജുകളിലെ അനാറ്റമി വിഭാഗവുമായാണ് ബന്ധപ്പെടേണ്ടത്. തുടർന്ന് നിശ്ചിത ഫോറത്തിലെ സമ്മതപത്രം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ സമർപ്പിക്കണം. ദാനം നൽകാൻ ഉദ്ദേശിക്കുന്ന വ്യക്തി ആ വിവരം തന്റെ അടുത്ത ബന്ധുക്കളെ അറിയിക്കുകയും അവരുടെ സന്നദ്ധത ഉറപ്പാക്കുകയും വേണം.
മരണാനന്തരം ബന്ധുക്കൾ തന്നെ ഈ ശരീരം മെഡിക്കൽ കോളേജിൽ എത്തിക്കേണ്ടതുണ്ട്. നേരത്തേ സമതപ്രതം നൽകാത്തവരുടെ മൃതദേഹവും പഠനാവശ്യത്തിനായി ദാനംചെയ്യാം. ഇരുനൂറുരൂപയുടെ മുദ്രപത്രത്തിൽ ഉറ്റബന്ധുക്കൾ സമ്മതപ്രതം എഴുതി നൽകണം. ഇതിനൊപ്പം വ്യക്തി മരിച്ചുവെന്ന ഡോക്ടറുടെ സാക്ഷ്യപത്രവും മരിച്ചവ്യക്തിയുടെയും മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിക്കുന്ന ബന്ധുവിന്റെ ആധാറിന്റെ കോപ്പിയും ഒപ്പം നൽകണം. ദാനം ചെയ്തശേഷം കുടുംബാംഗങ്ങളോ മറ്റുള്ളവരോ അവകാശം ഉന്നയിച്ച് അത് തിരികെ ചോദിക്കുന്നില്ലെതും സാക്ഷ്യപ്പെടുത്തണം.
മതപരമായ ചടങ്ങുകൾ ഉണ്ടെങ്കിൽ അതെല്ലാം കഴിഞ്ഞുവേണം മൃതദേഹം കൈമറാൻ. മരിച്ച് ആറുമണിക്കൂറിനുള്ളിലാണ് കൈമാറേണ്ടത്. ബന്ധുക്കൾ എത്താൻ വൈകുന്നതിനാലാേ മറ്റുകാര്യങ്ങൾ മൂലമോ കൈമാറ്റം വൈകിയാൽ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കേണ്ടതാണ്. അഴുകിയ മൃതദേഹങ്ങൾ ഒരുകാരണവശാലും സ്വീകരിക്കില്ലെന്ന് പ്രത്യേകം ഓർക്കണം.
മരിച്ച് വെറും മണ്ണായിപ്പോകുന്ന നിസാരമായ ശരീരം കുറച്ചാളുകൾക്കു കൂടി പഠിക്കാൻ സഹായമാകുമെങ്കിൽ, അത് മനുഷ്യന് ഗുണകരമാകുമെങ്കിൽ അങ്ങനെ ചെയ്യാം എന്ന ചിന്തയാണ് ഓരോരുത്തരിലും ഉണ്ടാവേണ്ടത്. ഈ ചിന്തയിലൂടെ രക്ഷപ്പെടുന്നത് നമ്മുടെ ഭാവിതലമുറയായിരിക്കുമെന്നതും മറക്കാതിരിക്കുക.