
റാന്നി: ജുവലറിയിൽ മോഷണം നടത്തി കടന്ന സ്ത്രീയെ ജീവനക്കാരി ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏല്പിച്ചു. ഇടുക്കി ഉടുമ്പുചോല കൂന്തൽ വില്ലേജിൽ ചിറയ്കൽ ബിൻസി (46) ആണ് പിടിയിലായത്. റാന്നി ടൗണിലെ ജുവലറിയിലാണ് മോഷണം നടത്തി ബിൻസി കടന്നത്. ജീവനക്കാരി മോഷ്ടാവിനെ തിരക്കിനടന്ന് കണ്ടെത്തി ഓടിച്ചിട്ട് പിടികൂടുകയിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ ബിൻസി കടയിലെത്തി ആഭരണങ്ങൾ വാങ്ങാനെന്ന തരത്തിൽ വളകൾ പരിശോധിച്ചു. ഇതിനിടെ കൈയിൽ ഉണ്ടായിരുന്ന ബാഗിനുള്ളിലേക്ക് ജീവനക്കാരി കാണാതെ ഒരു വള ഇടുകയായിരുന്നു. ഇതിനു ശേഷം ജീവനക്കാരിയുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ പിന്നീട് വാങ്ങാമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി വേഗത്തിൽ പോയി. സംശയംതോന്നി ഉടൻതന്നെ ജീവനക്കാരി പിന്നാലെ ഓടി . ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഇവർ ബസിൽ കയറാൻ ശ്രമിക്കുന്നത് കണ്ടത് . ഉടൻതന്നെ പിടികൂടി.
വള തിരികെ നൽകിയ ബിൻസി പ്രശ്നം ഉണ്ടാക്കാതെ വിട്ടയയ്ക്കണമെന്ന് അപേക്ഷിച്ചു, ജീവനക്കാരി അനുനയിപ്പിച്ച് കടയിൽ എത്തിച്ച് കടഉടമയോട് വിവരം പറഞ്ഞു. ബിൻസി വീണ്ടും കുതറി ഓടി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു, ജീവനക്കാരി പിന്നാലെ ഓടി വരുന്നതു കണ്ട് ഡ്രൈവർ ഓട്ടോ നിറുത്തിയതോടെ ഇവരെ പിടികൂടുകയായിരുന്നു. എസ് ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി ബിൻസിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]