മുംബൈ: കുറഞ്ഞ കാലം കൊണ്ട് വൻ ജനപ്രീതി നേടിയ യുപിഐ പേയ്മെന്റ് സേവനങ്ങളെക്കുറിച്ചുള്ള കൗതുകകരമായ ഒരു സർവേഫലം പുറത്തുവിട്ടിരിക്കുകയാണ് ലോക്കൽ സർക്കിൾസ്. നിലവിൽ പണമിടപാടുകൾക്കായി ഗൂഗിൾ പേ പോലുള്ള വിവിധ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേരും, ഇടപാടുകൾക്ക് ചാർജ് ഇടാക്കാൻ തുടങ്ങിയാൽ ഉപയോഗം നിർത്തുമെന്നാണ് കണ്ടെത്തൽ. കൃത്യമായി പറഞ്ഞാൽ സർവേയിൽ പങ്കെടുത്ത 75 ശതമാനം പേരും ഇത്തരത്തിൽ പ്രതികരിച്ചു എന്നാണ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ 308 ജില്ലകളിൽ നിന്നുള്ള 42,000 പേരെ ഉൾപ്പെടുത്തിയാണ് ലോക്കൽ സർക്കിൾസ് സർവെ നടത്തിയത്. ഇവരിൽ 38 ശതമാനം പേരും തങ്ങളുടെ പകുതിയിലധികം ഇടപാടുകൾക്ക് യുപിഐ സംവിധാനം ഉപയോഗിക്കുന്നവരാണ്. ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് വരുമ്പോൾ ബഹുഭൂരിപക്ഷവും ആശ്രയിക്കുന്നതും യുപിഐ തന്നെ. ഇത്രയധികം ജനപ്രിയതയുണ്ടെങ്കിലും ഇടപാടുകൾക്ക് പണം നൽകേണ്ട അവസ്ഥ വന്നാൽ യുപിഐ പിന്നെ ഉപയോഗിക്കാൻ താത്പര്യപ്പെടുന്നവർ 22 ശതമാനം പേർ മാത്രമാണെന്നാണ് സർവേ ഫലം. ഏതാണ്ട് 75 ശതമാനം പേരും ഇപ്പോഴത്തെ പോലെ ഫീസ് രഹിതമായി യുപിഐ സംവിധാനം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്.
യുപിഐയുടെ സ്വീകാര്യത രാജ്യത്ത് വൻതോതിലാണ് വർദ്ധിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ ആദ്യമായി യുപിഐ ഇടപാടുകളുള്ള എണ്ണം 100 ബില്യൻ കടന്ന് 131 ബല്യനിലെത്തിയിരുന്നു. ഇടപാടുകൾ നടന്ന തുക കണക്കാക്കുമ്പോൾ 199.89 ട്രില്യൺ രൂപയാണിത്. സർവേയിൽ ബോധ്യപ്പെട്ട വിവരങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെയും റിസർവ് ബാങ്കിനെയും ധരിപ്പിക്കുമെന്നാണ് ലോക്കൽ സർക്കിൾ പറയുന്നത്. യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങളെടുക്കുമ്പോൾ ഇത്തരം ജനാഭിപ്രായ സർവേകൾ കൂടി പരിഗണിക്കണമെന്നതാണ് ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]