
കാസർഗോഡ്: വന്ദേ ഭാരതിന്റെ വിജയം തെളിയിക്കുന്നത് സില്‍വര്‍ലൈനിന് കേരളത്തില്‍ അത്രമേല്‍ സാധ്യതയുണ്ടെന്നാണെന്ന് മന്ത്രി വി അബ്ദുറഹിമാന്. സില്‍വര്‍ലൈന്‍ കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നും ഭാവി കേരളത്തിന്റെ പാതയാണതെന്നും അബ്ദുറഹിമാന് പറഞ്ഞു.
”വേഗതയേറിയ വന്ദേ ഭാരത് ട്രെയിന്‍ വന്‍വിജയമാക്കിയ കേരളത്തിലെ ട്രെയിന്‍ യാത്രികര്‍ക്ക് നന്ദി പറയുന്നു. ഈ വര്‍ഷം ഏപ്രില്‍ 25നാണ് കേരളത്തിന് ആദ്യത്തെ വന്ദേ ഭാരത് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഈ സര്‍വീസിനെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തു. കേരള ജനത വലിയ ആവേശത്തോടെയാണ് വന്ദേ ഭാരതിനെ സ്വീകരിച്ചത്. എല്ലാ സര്‍വീസിലും നിറയെ യാത്രക്കാരാണ്. തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ ഏറ്റവും ലാഭകരമായ വന്ദേ ഭാരത് സര്‍വീസ് എന്ന സ്ഥാനം നേടാനും കഴിഞ്ഞു. മറ്റു സര്‍വീസുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. വേഗമേറിയ ട്രെയിനുകളോടുള്ള മലയാളിയുടെ താല്‍പ്പര്യമാണ് ഇതിലൂടെ വെളിപ്പെട്ടത്.” ഒപ്പം, ജനസാന്ദ്രതയും വാഹന സാന്ദ്രതയും കൂടുതലുള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് ഇത്തരം ട്രെയിന്‍ സര്‍വീസ് എത്രത്തോളം ആവശ്യമാണെന്നതും തെളിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.
”ആലപ്പുഴ വഴിയാണ് രണ്ടാമത്തെ വന്ദേ ഭാരത് സര്‍വീസ് നടത്തുക. ഈ സര്‍വീസും റെയില്‍വേയ്ക്ക് വന്‍ ലാഭമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിവേഗം കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം അത്ര അധികമാണ്. കോട്ടയം വഴിയുള്ള ആദ്യ വന്ദേഭാരതിന് പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ സ്റ്റോപ്പുണ്ടായിരുന്നു. എന്നാല്‍, സര്‍വീസ് ആരംഭിച്ചപ്പോള്‍ അതൊഴിവാക്കി. എന്നാല്‍, പുതിയ സര്‍വീസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. വന്ദേഭാരത് സര്‍വീസിന്റെ വന്‍ വിജയം കേരളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. ആഢംബരമെന്ന് പലരും പറഞ്ഞിരുന്ന വന്ദേ ഭാരത് കേരളത്തിലെ സാധാരണക്കാരുടെ ട്രെയിനായി മാറിയിരിക്കുന്നു. സമയത്തിന്റെ പ്രാധാന്യം തിരിച്ചറിയുമ്പോള്‍ ഈ സര്‍വീസ് ആഢംബരമല്ല, ഒരത്യാവശ്യമാണെന്ന് വ്യക്തമാകുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കൂടുതല്‍ അനുഭാവപൂര്‍വമായ സമീപനം കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകണം. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും ഏര്‍പ്പെടുത്തണം. പുതിയ പാതകള്‍ക്കും നിലവിലെ പാത ഇരട്ടിപ്പിക്കലിനും കൂടുതല്‍ തുക അനുവദിക്കുന്നത് വലിയ പിന്തുണയാകും. കഴിയുന്നത്ര പുതിയ ട്രെയിനുകള്‍ അനുവദിക്കണം. ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കുന്നതും പരിഗണിക്കണം.” രണ്ടാമത്തെ വന്ദേ ഭാരത് അനുവദിച്ച കേന്ദ്ര സര്‍ക്കാരിനും റെയില്‍വേ മന്ത്രാലയത്തിനും നന്ദിയെന്നും മന്ത്രി പറഞ്ഞു.
Last Updated Sep 24, 2023, 7:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]