
തിരുവനന്തപുരം∙ ഏജന്റുമാര്‍ മുഖേന പൊതുജനങ്ങളില്‍നിന്നു കൈക്കൂലി വാങ്ങിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി
. ‘ഓപ്പറേഷന് ഓണ്‍ വീല്‍സ്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധയില്‍ നേരിട്ടും ഗൂഗിള്‍ പേ വഴിയും ഉദ്യോഗസ്ഥര്‍ പണം വാങ്ങിയെന്നു കണ്ടെത്തി.
112 ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം ശുപാര്‍ശ നല്കി.
72 ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും, 40 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കാനുമാണ് ശുപാര്‍ശ. എറണാകുളം ജില്ലയിലെ ഒരു ആര്‍ടിഒ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ഓഫിസിലെ വിരമിക്കല്‍ ചടങ്ങില്‍ നല്‍കുന്നതിനായി 4 സ്വര്‍ണ മോതിരം വാങ്ങി നല്കാൻ ഡ്രൈവിങ് സ്കൂള്‍ ഉടമളോട് ആവശ്യപ്പെട്ടതായി കണ്ടെത്തി.
റോഡ് സുരക്ഷാ വാരാചരണത്തോട് അനുബന്ധിച്ചുള്ള പരിപാടികള്‍ക്കായി പോസ്റ്റര്‍ അച്ചടിക്കാനും ആവശ്യപ്പെട്ടു. വാട്സാപ്പിലൂടെയാണ് സന്ദേശങ്ങൾ അയച്ചതെന്നും കണ്ടെത്തി.
അപേക്ഷരുടെയും ടെസ്റ്റ് പാസാകേണ്ടവരുടെയും വിവരങ്ങള്‍ ഏജന്റുമാര്‍ വാട്സാപ്പ്, ടെലഗ്രാം എന്നിവവഴി കൈമാറിയതായും കണ്ടെത്തി.
17 റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളിലും 64 സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളിലുമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതിനായി എത്തിയ 11 ഏജന്റുമാരില്‍ നിന്ന് 1,40,760 രൂപ പിടിച്ചെടുത്തു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് വലിച്ചെറിഞ്ഞ നിലയില്‍ 49,300 രൂപ നിലമ്പൂര്‍ സബ്-റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ് പരിസരത്ത് നിന്നു കണ്ടെത്തി.
വൈക്കം സബ്-റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍ ജനലില്‍ പണം ഒളിപ്പിച്ച് വച്ച നിലയിലാണ് കണ്ടത്. വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ യുപിഐ ഇടപാട് പ്രാഥമികമായി പരിശോധിച്ചതില്‍ 21 ഉദ്യോഗസ്ഥര്‍ വിവിധ ഏജന്റുമാരില്‍ നിന്ന് 7,84,598 രൂപ നിയമവിരുദ്ധമായി കൈപ്പറ്റിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തിയതില്‍ ഉദ്യോഗസ്ഥര്‍ ഏജന്റുമാരില്‍ നിന്നും നേരിട്ടും ബന്ധുക്കളുടെ അക്കൗണ്ട് വഴിയും യുപിഐ മുഖേന വ്യാപകമായി കൈക്കൂലി പണം സ്വീകരിച്ചിരുന്നുവെന്ന് കണ്ടെത്തിയെന്നാണ് വിജിലന്‍സ് പറയുന്നത്.
ഉദ്യോഗസ്ഥര്‍ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ക്കും ഏജന്റുമാര്‍ക്കും അനധികൃതമായി സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വിവരങ്ങള്‍ ഏജന്റുമാര്‍ക്കും, ഏജന്റുമാര്‍ തങ്ങളിലൂടെ അപേക്ഷ സമര്‍പ്പിച്ചവരുടെയും ഡ്രൈവിങ് സ്കൂളുകളിലൂടെ ടെസ്റ്റിനെത്തിയവരുടെയും വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരമായി വാട്സാപ്പ്, ടെലഗ്രാം എന്നിവകളിലൂടെ കൈമാറിയിരുന്നതായും കണ്ടെത്തി. ഏജന്റുമാര്‍ വാട്സാപ്പിലൂടെ അയച്ച് നല്കുന്ന അപേക്ഷകരുടെ അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ അനുകൂലമായി നടപടി സ്വീകരിച്ച ശേഷം ഇതിന്റെ വിവരങ്ങള്‍ തിരികെ വാട്സാപ്പിലൂടെ അയച്ച് നല്‍കുന്നതും കണ്ടെത്തി.
ഉദ്യോഗസ്ഥരുടെയും അവരുടെ ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് ഏജന്റുമാര്‍ യുപിഐ മുഖേന കൈക്കൂലി പണം അയച്ച് നല്‍കുകയും ഇടപാടിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വാട്സാപ്പ് വഴി കൈമാറുകയും ചെയ്തതായി കണ്ടെത്തി. ഇത്തരത്തില്‍ പണം കൈമാറുന്നതിനായി ചില സ്ഥാപനങ്ങളുടെ വരെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചതിന്റെ തെളിവുകളും വിജിലന്‍സിനു ലഭിച്ചു.
ഭൂരിഭാഗം മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിങ് സ്കൂളുകളില്‍ കൃത്യമായി പരിശോധനകള്‍ നടത്തി ക്രമക്കേടുകളില്‍ നടപടി സ്വീകരിക്കാറില്ലെന്നും, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ലൈസന്‍സില്ലാതെ വരെ ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി.
പല ജില്ലകളിലും ഡ്രൈവിങ് പരിശീലനത്തിനും ടെസ്റ്റിനുമായി ഉപയോഗിക്കുന്ന പല വാഹനങ്ങള്‍ക്കും ഫിറ്റ്നസ്, ഇന്‍ഷുറന്‍സ്, പൊലൂഷന്‍ സര്‍ട്ടിഫിക്കേറ്റ് തുടങ്ങിയവ ഇല്ല. ഡ്രൈവിങ് സ്കൂള്‍ ഉടമകളില്‍ നിന്നും കൈക്കൂലി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ഈ വാഹനങ്ങള്‍ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കാറില്ല. ഡ്രൈവിംഗ് ടെസ്റ്റുകള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യണമെന്ന നിര്‍ദേശം ഒട്ടുമിക്ക ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന സ്ഥലങ്ങളിലും ചെയ്യാറില്ല.
ഭൂരിഭാഗം ക്യാമറകളും പ്രവര്‍ത്തനരഹിതമായാണ് കണ്ടത്. ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് വേണ്ട
നടപടികള്‍ സ്വീകരിക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് വിജിലന്‍സ് ശുപാര്‍ശ നല്‍കും. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]