
തിരുവനന്തപുരം: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് തുടക്കമായപ്പോള്‍ സഞ്ജു സാംണന്റെ ബാറ്റിംഗ് പ്രകടനത്തിലേക്കായിരുന്നു ആരാധകരും ദേശീയ മാധ്യമങ്ങളും അടക്കം ഉറ്റുനോക്കിയത്. ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറായി ടീമിലെടുക്കുകയും വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തതോടെ ഏഷ്യാ കപ്പ് ടീമിലെ സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനം ഭീഷണിയിലായിരുന്നു.
ഗില്‍ ടീമിലുണ്ടെങ്കിലും എഷ്യാ കപ്പ് ടീമില്‍ ഓപ്പണറായി തന്നെയാണ് സഞ്ജുവിനെ പരിഗണിക്കുന്നതെന്ന് ടീം പ്രഖ്യാപിക്കുന്ന വേളയില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.മധ്യനിരിയില്‍ ഫിനിഷറായി ഇറങ്ങുന്ന ജിതേഷ് ശര്‍മയെയായിരുന്നു ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി സെകലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. എന്നാല്‍ കെസിഎല്‍ രണ്ടാം സീസണ് തുടങ്ങിയപ്പോള്‍ ആദ്യ രണ്ട് കളികളിലും മധ്യനിരയില്‍ ഇറങ്ങാനാണ് സഞ്ജു താല്പര്യപ്പെട്ടത്.
ഏഷ്യാ കപ്പിലെ ഓപ്പണിംഗ് സ്ഥാനം നഷ്ടമായാലും മധ്യനിരയില്‍ ഫിനിഷറായി തിളങ്ങി പ്ലേയിംഗ് ഇലവനിലെത്താമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു ഇത്. ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് പനിമൂലം ആശുപത്രിയിലായതും ആദ്യ മത്സരത്തില്‍ 98 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മാത്രമെ മുന്നിലുണ്ടായിരുന്നുള്ളു എന്നതും സഞ്ജു മധ്യനിരയിലേക്ക് മാറാനുള്ള കാരണമായി.
ആദ്യ മത്സരത്തില്‍ നാലാമനായി ഇറങ്ങിയ ചേട്ടന് സാലി വിശ്വനാഥ് അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന് ശ്രദ്ധേയനായപ്പോൾ സഞ്ജു ബാറ്റിംഗിനിറങ്ങിയില്ല. എന്നാല്‍ ആലപ്പി റിപ്പിള്‍സിനെതിരായ രണ്ടാം മത്സരത്തിലും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി സഞ്ജു ഓപ്പണറായി ഇറങ്ങിയില്ല.
ടീം ആദ്യം ബാറ്റ് ചെയ്തിട്ടും ആറാമനായി ഫിനിഷര്‍ റോളില്‍ ഇറങ്ങാനുള്ള സഞ്ജുവിന്റെ തീരുമാനം പാളി. 22 പന്തില്‍ ഒരു ബൗണ്ടറി പോലും നേടാതെ 13 റണ്‍സുമായി സഞ്ജു ജലജ് സക്സേനയുടെ പന്തില്‍ അക്ഷയ് ചന്ദ്രന് ക്യാച്ച് നല്കി മടങ്ങി.
കെസിഎല്ലില്‍ സഞ്ജു നിരാശപ്പെടുത്തിയ കാര്യം ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയാവുകയും ചെയ്തു. ഇത് ഏഷ്യാ കപ്പില്‍ പ്ലേയിംഗ് ഇലവനിലെത്തുന്നതില് വലിയ തിരിച്ചടിയാവുമെന്ന തിരിച്ചറിവിലാണ് ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരെ തന്റെ പ്രിയപ്പെട്ട
ബാറ്റിംഗ് പൊസിഷനിലേക്ക് സഞ്ജു മടങ്ങിയെത്തിയത്. 237 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരണമെന്നതും ആദ്യ രണ്ട് കളികളിലും ടീമിന്റെ ഓപ്പണിംഗ് പാളിയിരുന്നുവെന്നതും സഞ്ജുവിനെ ഓപ്പണറായി ഇറക്കാന്‍ ബ്ലൂ ടൈഗേഴ്സിനെ നിര്‍ബന്ധിതരാക്കി.
മൂന്നാം മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയെന്ന് മാത്രമല്ല 42 പന്തില്‍ സെഞ്ചുറി തികച്ച സഞ്ജു 51 പന്തില്‍ 14 ഫോറും ഏഴ് സിക്സും പറത്തി 121 റണ്‍സെടുത്തു. ടീമിനെ ജയത്തിലെത്തിക്കുന്നതിന് മുമ്പ് പുറത്തായെങ്കിലും ടൈഗേഴ്സ് അവസാന പന്തില്‍ ജയത്തിലെത്തി.
ഓപ്പണറായി ഇറങ്ങി സെഞ്ചുറി നേടിയ സഞ്ജുവിന്റെ പ്രകടനത്തിന് ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യമാണ് നല്‍കിയത്. ഏഷ്യാ കപ്പിലെ പ്ലേയിംഗ് ഇലവനിലെത്താനായി തന്റെ കരുത്തായ ഓപ്പണിംഗ് സ്ഥാനത്തു നിന്ന് മാറി ആദ്യ രണ്ട് കളികളിലും തനിക്ക് സ്വാഭാവികമായി ഇണങ്ങാത്ത ഫിനിഷര്‍ റോളില്‍ ഇറങ്ങാനുള്ള തീരുമാനം മാറ്റിയതാണ് സഞ്ജുവിന് ഗുണകരമായത്.
വരും മത്സരങ്ങളിലും സഞ്ജു വെടിക്കെട്ട് പ്രകടനം ആവര്‍ത്തിച്ചാല്‍ ഏഷ്യാ കപ്പ് ടീമില്‍ സഞ്ജുവിനൊപ്പം ഓപ്പണറായി ഇടം നേടിയ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഒപ്പം സെലക്ടര്‍മാരും ഒരുപോലെ സമ്മര്‍ദ്ദത്തിലാവും. നാളെ തൃശൂര്‍ ടൈറ്റന്‍സിനെതിരെയാണ് ടൈഗേഴ്സിന്റെ അടുത്ത മത്സരം.
സഞ്ജുവിന്റെ സെഞ്ചുറി ക്ക് ദേശീയ മാധ്യമങ്ങള്‍ അടക്കം വലിയ പ്രാധാന്യം നല്‍കുന്നത് കേരള ക്രിക്കറ്റ് ലീഗിന് ദേശീയ തലത്തിലും വലിയ സ്വീകര്യത ലഭിക്കാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]