
റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ റാവല്‍പിണ്ടി ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് മികച്ച ലീഡിലേക്ക്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 448-6ന് മറുപടിയായി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 529 റണ്‍സെന്ന ശക്തമായ നിലയിലാണ്. 65 റണ്‍സോടെ മെഹ്ദി ഹസന് മിറാസും റണ്ണൊന്നുമെടുക്കാതെ ഹസന് മഹ്മൂദുമാണ് ക്രീസില്‍. 191 റണ്‍സെടുത്ത മുഷ്ഫീഖുര്‍ റഹീമിന്റെയും 56 റണ്‍സെടുത്ത ലിറ്റണ്‍ ദാസിന്റെയും വിക്കറ്റുകളാണ് നാലാം ദിനം ബംഗ്ലാദേശിന് നഷ്ടമായത്.
മൂന്ന് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശിനിപ്പോള്‍ 81റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. സെഞ്ചുറി നേട്ടത്തോടെ വിദേശത്ത് ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് മുഷ്ഫീഖുര്‍ സ്വന്തമാക്കി. വിദേശത്തെ മുഷ്ഫീഖുറിന്റെ അഞ്ചാമത്തെയും കരിയറിലെ പതിനൊന്നമാത്തെയും ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ന് പാകിസ്ഥാനെതിരെ നേടിയത്. വിദേശ സെഞ്ചുറികളില്‍ തമീം ഇക്ബാലിനെ മറികടന്ന മുഷ്ഫീഖുര്‍ കരിയര്‍ സെഞ്ചുറികളിലും തമീമിനെ(10) പിന്നിലാക്കി. 12 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ താരം മൊനിനുള്‍ ഹഖ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള ബംഗ്ലാദേശ് ബാറ്റര്‍.
സെഞ്ചുറി നേട്ടത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ 15000 റണ്‍സെന്ന നേട്ടം പിന്നിട്ട മുഷ്ഫീഖുര്‍ തമീം ഇക്ബാലിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ബംഗ്ലാദേശി ബാറ്ററുമായി. 2005ല്‍ ബംഗ്ലാദേശിനായി അരങ്ങേറിയ മുഷ്ഫീഖുര്‍ കരിയറില്‍ ഇതുവരെ 20 രാജ്യാന്തര സെഞ്ചുറികളാണ് സ്വന്തമാക്കിയത്. പാകിസ്ഥാന് സ്കോറിനൊപ്പമെത്താന്‍ ബംഗ്ലാദേശിന് 301 റണ്‍സ് കൂടി വേണ്ടപ്പോള്‍ ക്രീസിലെത്തിയ മുഷ്ഫീഖുര്‍ ലീഡ് സമ്മാനിച്ചിട്ടും ക്രീസിലുണ്ട്.
Mushfiqur Rahim completes his 11th Test century, much to the delight of his teammates and fans 🇧🇩🏏 |
— Pakistan Cricket (@TheRealPCB)
ആറാം വിക്കറ്റില്‍ ലിറ്റണ്‍ ദാസിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട്(113) ഉയര്‍ത്തിയ മുഷ്ഫീഖുര്‍ ഏഴാം വിക്കറ്റില്‍ മെഹ്ദി ഹസന് മിറാസിനൊപ്പം 150 റണ്‍സ് കൂട്ടുകെട്ടിലും പങ്കാളിയായി. പാകിസ്ഥാനുവേണ്ടി നസീം ഷായും ഖുറാം ഷെഹ്സാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]