
ഇപ്പോള്‍ പലരും നേരംകൊല്ലുന്നത് റീൽ കണ്ടാണ്. ഫോണുകളിലെ റീൽസ് വീഡിയോകൾ കാണാനും ഷെയർ ചെയ്യാനും ഭൂരിഭാഗം പേര്‍ക്കും താല്പര്യമുണ്ട്. പക്ഷേ സ്ഥിരമായി ഇങ്ങനെ ഇതിൽതന്നെ മുഴുകിയിരിക്കുമ്പോൾ മടുപ്പ് തോന്നാറില്ലേ? രസകരമായ നീണ്ട വീഡിയോകളിലേക്ക് തിരിയാൻ തോന്നുന്നുണ്ടോ? ഉണ്ടെന്നാണ് പഠനം പറയുന്നത്. അവിശ്വസനീയമായ വിവരങ്ങളാണ് ഈ പഠനം പുറത്തുവിട്ടിരിക്കുന്നത്.
ടൊറന്റോ സ്കാർബറോ സർവ്വകലാശാലയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച ‘ഫാസ്റ്റ്-ഫോർവേഡ് ടു ബോർഡം: ഹൗ സ്വിച്ചിങ് ബിഹേവിയർ ഓൺ ഡിജിറ്റൽ മീഡിയ മേക്ക്സ് പീപ്പിൾ മോർ ബോറഡ്’ എന്ന തലക്കെട്ടിലുള്ള പുതിയ പഠനത്തിലാണ് ഇതേക്കുറിച്ച് പറയുന്നത്. രസകരമായ വീഡിയോകൾ കണ്ടെത്താൻ മുന്നോട്ടും പിന്നോട്ടും സ്ക്രോൾ ചെയ്യുന്നത് ക്രമേണ ഉപയോക്താക്കളെ കൂടുതൽ ബോറടിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ബോറടി മാറ്റാനായി ആളുകള്‍ ആശ്രയിക്കുന്ന യൂട്യൂബ്, ടിക്ടോക്, ഷോർട്സ് വീഡിയോകളെക്കുറിച്ചുള്ളതാണ് പഠനം. 1,200-ലധികം ആളുകളുടെ സഹായത്തോടെയാണ് ഗവേഷകർ ഏഴോളം പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്. വീഡിയോയുമായി വൈകാരിക അടുപ്പം കുറയുന്നതാണ് ആളുകള്‍ ഇത്തരത്തിലൊരു മാനസികാവസ്ഥയിലേക്കെത്താൻ കാരണമാകുന്നതെന്ന് പഠനം പറയുന്നു. 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ, അഞ്ച് മിനിറ്റ് വീഡിയോകളുടെ ശേഖരം പോലും മടുപ്പുളവാക്കുന്നതായി പരീക്ഷണത്തിലുൾപ്പെട്ട മറ്റൊരു സംഘം വെളിപ്പെടുത്തി.
ഒരു ആപ്പിലെ വിവിധ ഉള്ളടക്കങ്ങൾക്കിടയിലൂടെ ഏറെ നേരം സഞ്ചരിക്കുന്നതിനേക്കാള് ആഴത്തിലുള്ള വീഡിയോകളുടെയും സ്റ്റോറികളുടെയും കണ്ടന്റിൽ മുഴുകി ഒരാൾക്ക് ഡിജിറ്റൽ മീഡിയയിൽ നിന്ന് ആസ്വാദനം നേടാമെന്നും പഠനം സൂചിപ്പിക്കുന്നു. ഇത് ഡിജിറ്റൽ മീഡിയ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്നും ഇതിൽ പരാമർശിക്കുന്നുണ്ട്. ആരോഗ്യകരമായ ഉപയോക്തൃ അനുഭവം പ്രോത്സാഹിപ്പിക്കുന്നതിനായി പ്ലാറ്റ്ഫോമുകൾ അവരുടെ ഇന്റര്‍ഫേസുകൾ ഭാവിയിൽ രൂപകൽപ്പന ചെയ്തേക്കാം എന്നും പഠനം സൂചിപ്പിക്കുന്നു.
Read more: ആപ്പിള്‍ 16 സീരിസ് ഈ ദിനം പുറത്തിറങ്ങും; ഫോണ്‍ ലഭ്യമാകുന്ന തിയതിയും പുറത്തുവിട്ട് റിപ്പോര്‍ട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]