
ബെംഗളൂരു: ധർമസ്ഥലയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ധർമസ്ഥല പൊലീസ് സ്റ്റേഷനിലെത്തി രേഖകൾ കൈപ്പറ്റി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയാണ് എഫ്ഐആറും അനുബന്ധരേഖകളും ഏറ്റുവാങ്ങിയത്.
ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അതേസമയം, ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിൽ നിന്ന് ഏക വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പിൻമാറി.
ഡിസിപി സൗമ്യലതയാണ് എസ്ഐടിയിൽ നിന്ന് പിൻമാറുന്നതായി കാണിച്ച് കത്ത് നൽകിയത്. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാണിച്ചാണ് കത്ത്.
സംഘത്തിലെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ ഐജി എംഎൻ അനുചേതും അനൗദ്യോഗികമായി അന്വേഷണത്തിന്റെ ഭാഗമാകാനില്ലെന്ന് ആഭ്യന്തരവകുപ്പിനെ അറിയിച്ചെന്നാണ് സൂചന. ഇതോടെ ഇന്ന് മംഗളൂരുവിലെത്താനിരുന്ന അന്വേഷണസംഘത്തിന്റെ യാത്ര മാറ്റിയിരുന്നു.
ഡിജിപി പ്രണബ് കുമാർ മൊഹന്തി നേതൃത്വം നൽകുന്ന ഇരുപത്തിനാലംഗ അന്വേഷണസംഘത്തിൽ മറ്റൊരു വനിതാ ഉദ്യോഗസ്ഥയെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. ബെൽത്തങ്കടിയിലെ ഐബി ക്യാമ്പ് ഓഫീസാക്കിയാകും എസ്ഐടി പ്രവർത്തിക്കുക.
ഉത്തര കന്നഡ, ചിക്കമംഗളൂരു, ഉഡുപ്പി എന്നീ ജില്ലകളിൽ നിന്നടക്കമുള്ള ഇരുപത് ഉദ്യോഗസ്ഥരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തി ഇന്നലെ ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. വിപുലമായ അന്വേഷണം കേസിൽ ആവശ്യമാകുമെന്ന് കണ്ടാണ് അന്വേഷണസംഘം വിപുലീകരിച്ചത്.
കർണാടകയിലെ ഏതെങ്കിലും സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകൾ ആവശ്യമെങ്കിൽ ഏറ്റെടുത്ത് അന്വേഷിക്കാൻ എസ്ഐടിക്ക് അധികാരമുണ്ടാകും. വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളിയെ സാക്ഷിയായി കണക്കാക്കാൻ തീരുമാനമായിട്ടുണ്ട്.
പ്രത്യേകാന്വേഷണസംഘം സാക്ഷിയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. ശേഷമാകും മൃതദേഹം പുറത്തെടുക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]