
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി സംഭവിക്കാൻ പോകുന്ന ‘ആസന്ന മൃതി’യിൽ നിന്നു ഭൂമിയെയും ജീവജാലങ്ങളെയും സമൂഹങ്ങളെയും വരുംതലമുറകളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ലോകത്തെ ഓരോ ഭരണകൂടങ്ങളുടെയും മൗലിക കടമയാണന്ന ചരിത്രവിധി പ്രഖ്യാപിച്ച്
ആഗോളതാപനത്തിനും പരിസ്ഥിതി നാശത്തിനും വഴിവയ്ക്കുന്ന വികസന പ്രവർത്തനങ്ങളും പദ്ധതികളും സർക്കാർ ഏറ്റെടുക്കുന്നതു നിയമവിരുദ്ധമാണെന്നും കാർബൺ പുറന്തള്ളൽ മൂലമുണ്ടാകുന്ന താപവർധനയ്ക്കും കടലേറ്റത്തിനും നഷ്ടപരിഹാരം നൽകാൻ ഭരിക്കുവർക്കു ബാധ്യത ഉണ്ടെന്നും നെതർലൻഡ് ആസ്ഥാനമായ ഇന്റർനാഷനൽ കോർട്ട് ഓഫ് ജസ്റ്റിസ് വ്യക്തമാക്കി.
ആഗോള താപനംമൂലം കടൽ നിരപ്പ് ഉയർന്നു മുങ്ങിപ്പോകാൻ സാധ്യതയുള്ള ദ്വീപുരാജ്യങ്ങൾ ഉയർത്തിയ ആശങ്ക പരിഗണിക്കവേയാണ് ലോകത്തെ പാരിസ്ഥിതിക ഹരിത കേസുകളിൽ ദൂരവ്യാപക പ്രതിഫലനമുണ്ടാക്കുന്ന നിർണായക വിധി ഐസിജെ പുറപ്പെടുവിച്ചത്.
വേൾഡ്സ് യൂത്ത് ഫോർ ക്ലൈമറ്റ് ജസ്റ്റിസ്,സൗത്ത് പസിഫിക് സർവകലാശാലയിലെ പസിഫിക് ഐലൻഡ് സ്റ്റുഡന്റ്സ് ഫൈറ്റിങ് ക്ലൈമറ്റ് ചേഞ്ച് എന്നീ യുവജന സംഘടനകൾ യുഎന്നുമായി ചേർന്നു നടത്തിയ പ്രചാരണത്തിന്റെ ഫലമായാണ് കോടതി ഈ കേസ് പരിഗണിച്ചത്. ലോകത്തെ കുഞ്ഞുരാജ്യങ്ങളുടെ വൻവിജയമാണ് വിധിയെന്ന് പസഫിക് ഐലൻഡ് സ്റ്റുഡന്റ്സ് സംഘടനാ മേധാവി വിശാൽ പ്രസാദ് പറഞ്ഞു.
വിധിന്യായത്തിലെ സമുദ്ര നിയമങ്ങൾ കപ്പൽ ദുരന്ത നഷ്ടപരിഹാരത്തിന് സഹായകം
ലോകത്തെ വിവിധ ഭരണഘടനകളും പാരീസ് കരാർ ഉൾപ്പെടെയുള്ള ആഗോള പരിസ്ഥിതി–കാലാവസ്ഥാ– ജൈവവൈവിധ്യ കരാറുകളും മനുഷ്യാവകാശ നിയമങ്ങളും സസൂക്ഷ്മം പഠിച്ച തയാറാക്കിയ133 പേജുള്ള വിധിന്യായം ഇനി ലോകത്തെ പ്രാദേശിക– രാജ്യാന്തര ഹരിത വാദഗതികളുടെ അടിസ്ഥാനമാകുമെന്നു ഹരിത നീതി രംഗത്തെ വിദഗ്ധർ പറയുന്നു.
കപ്പൽ നിയമങ്ങളും സമുദ്ര സംരക്ഷണ നിയമങ്ങളും വിധിയിൽ എടുത്തു പറഞ്ഞിരിക്കുന്നത് കേരള തീരത്ത് അടുത്തകാലത്തുണ്ടായ കപ്പൽഛേദങ്ങളുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അവസരം ഒരുക്കുന്നു.
ബ്രസീലിൽ നടക്കുന്ന സിഒപി 30 കാലാവസ്ഥാ ഉച്ചകോടിയുടെ ശ്രദ്ധ, കാലാവസ്ഥാ അഭയാർഥികളായി മാറിയ രാജ്യങ്ങളുടെ വിലാപങ്ങളിലേക്കു വഴിതിരിക്കാനും വിധി സഹായകമാകും.പെട്രോൾ, കൽക്കരി ഉൾപ്പെടെ കാർബൺ ഇന്ധനങ്ങൾ കുറയ്ക്കാൻ ലോക രാജ്യങ്ങളെ നിർബന്ധിതമാക്കുന്നതാണ് വിധി.
കാലാവസ്ഥാ മാറ്റം വെറുംകഥയല്ലെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട യാഥാർഥ്യമാണെന്നും കോടതി വിധി അംഗീകരിക്കുന്നു.
2050 ൽ ഇന്ത്യ കാർബൺ മുക്തം; സമ്പന്ന രാജ്യങ്ങൾ ഉത്തരവാദിത്തം മറക്കരുത്
ഇന്ത്യ ഉൾപ്പെടെ സമുദ്രതീരമുള്ള 90 രാജ്യങ്ങൾക്ക് അഭിപ്രായം പറയാനും 7 മാസം മുൻപ് ലോകത്തെ ഏറ്റവും ബൃഹത്തായ നീതിനിർവഹണ കോടതി അവസരം ഒരുക്കിയിരുന്നു.
വിദേശമന്ത്രാലയത്തിലെ നിയമ– കരാർ വിഭാഗം ജോയിന്റ് സെക്രട്ടറി ഡോ.
ലൂഥർ രംഗറെജിയാണ് ഇന്ത്യയുടെ വാദങ്ങൾ അവതരിപ്പിച്ചത്.ആഗോള താപനത്തിനു കാരണക്കാരായ വികസിത രാജ്യങ്ങൾ കാലാവസ്ഥാ ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട വികസ്വര രാജ്യങ്ങളെ സഹായിക്കാനും കരുതാനും ഉള്ള ചരിത്രപരമായ കടമയുണ്ടെന്ന ഇന്ത്യയുടെ വാദം 133 പേജുള്ള ലോകത്തെ ആദ്യ കാലാവസ്ഥാ വിധിന്യായത്തിൽ ജഡ്ജ് ഇവാസായ യൂജിയുടെ നേതൃത്വത്തിലുള്ള 15 അംഗ ബെഞ്ച് ഉൾപ്പെടുത്തിയിട്ടുണ്ട്..ലോകത്തെ കാർബൺ വമനത്തിൽ4% മാത്രം പങ്കുള്ള ഇന്ത്യ 2050 ൽ പൂർണ കാർബൺ വിമുക്തമാകും.
‘‘നമ്മുടെ ഭൂമിയെ രക്ഷിക്കാനും കാലാവസ്ഥാ നീതിയിലേക്കു നയിക്കാനും പര്യാപ്തമായ ഈ വിധിക്കു പിന്നിൽ പ്രവർത്തിച്ചത് പസിഫിക് ദ്വീപിലെ യുവജനങ്ങളാണ്.
ലോകം ഈ കോടതി വിധി പൂർണമായും ഉൾക്കൊള്ളണം’’
-യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]