
വണ്ടൂർ ∙ വീഴ്ചയിൽ നട്ടെല്ലിനു പരുക്കേറ്റ് കിടപ്പിലായ മേലേ കോഴിപ്പറമ്പ് മണലൂരിക്കുന്ന് രഞ്ജിത്തിന് (32) ഇനി ആശ്വസിക്കാം. തിരുവാലി ലയൺസ് ക്ലബ് മുൻകൈയെടുത്ത് മണപ്പുറം ഫൗണ്ടേഷന്റെ കൂടി സഹായത്തോടെ തുടങ്ങിയ വീടിന്റെ പണി പൂർത്തിയായി.
ഇന്ന് കോട്ടയ്ക്കലിൽ നടക്കുന്ന ലയൺസ് ക്ലബ് പ്രഥമ ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങിൽ കുടുംബത്തിനു താക്കോൽ കൈമാറും. ഓഗസ്റ്റ് 4ന്
എംഎൽഎയുടെയും ലയൺസ് ക്ലബ്, മണപ്പുറം ഫൗണ്ടേഷൻ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പാലുകാച്ചൽ ചടങ്ങ് നടക്കും.
രഞ്ജിത്തിന്റെ ദുരിതം ‘മലയാള മനോരമ’ വാർത്തയിലൂടെ അറിഞ്ഞാണ് തിരുവാലി ലയൺസ് ക്ലബ് പ്രവർത്തകർ വീട് വച്ചുകൊടുക്കാൻ മുന്നോട്ടുവന്നത്.
രഞ്ജിത്തിന്റെയും സഹോദരിമാരായ രമ്യയുടെയും ശാരീരികശേഷി കുറവുള്ള ധന്യയുടെയും അച്ഛനമ്മമാർ ഇവർ കുട്ടികളായിരിക്കുമ്പോൾ തന്നെ മരിച്ചു. ഇവരെ അനാഥാലയങ്ങളിലാക്കാൻ ശ്രമം നടന്നപ്പോൾ വിട്ടുകൊടുക്കാതെ മൂത്തവളായ രമ്യ സംരക്ഷിച്ചു.
ചെറുപ്രായത്തിൽ വീട്ടുജോലിക്കു പോയി സഹോദരങ്ങളെ വളർത്തി. പിന്നീട് വിവാഹിതയായിട്ടും ഇവർക്കൊപ്പം നിന്നു.
പ്ലസ്ടു കഴിഞ്ഞപ്പോൾ തന്നെ രഞ്ജിത്തും കൂലിപ്പണിക്കു പോയിത്തുടങ്ങി. ഇടക്കാലത്ത് പത്ര ഏജന്റുമായി.
അതു നിർത്തിയാണ് പെയ്ന്റിങ് ജോലിക്ക് പോയിത്തുടങ്ങിയത്. കഴിഞ്ഞ പ്രളയത്തിൽ ഇവർ താമസിച്ചിരുന്ന പഴയ വീടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു.
രമ്യ ബാങ്ക് വായ്പ എടുത്തും കടം വാങ്ങിയും പണി തുടങ്ങിയ വീട് പൂർത്തിയാകും മുൻപുതന്നെ എല്ലാവരും അവിടേക്കു മാറി.
വിട്ടുമാറാത്ത ശാരീരിക പരിമിതികൾക്കിടയിൽ ഗൂഡല്ലൂരിൽ നടന്ന സമൂഹവിവാഹച്ചടങ്ങിലൂടെ 3 വർഷം മുൻപു രഞ്ജിത്തും വിവാഹിതനായി. രണ്ടരമാസം കഴിഞ്ഞു ഭാര്യ ഗർഭിണിയാണെന്നറിഞ്ഞ സന്തോഷത്തോടെ നിലമ്പൂരിലെ ഒരു വീട്ടിൽ പെയ്ന്റിങ്ങിനു പോയപ്പോൾ ലിഫ്റ്റ് സ്ഥാപിക്കാൻ ഒഴിച്ചിട്ട
വിടവിലൂടെ താഴേക്കു പതിച്ചു. അപകടത്തിൽ നട്ടെല്ലിനു പരുക്കേറ്റു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന നീണ്ട ശസ്ത്രക്രിയകൾക്കു ശേഷം വീട്ടിൽ കിടപ്പിലായി.
ഏറെനാളായി തുടർ ചികിത്സകളിലാണ്. തിരുവാലി പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ പരിചരണവും ലഭിക്കുന്നുണ്ട്.
ഇപ്പോൾ എഴുന്നേറ്റ് ഇരിക്കാവുന്ന അവസ്ഥയിലായി. പുറത്തെ മുറിവു കൂടി മാറിയാൽ നടക്കാനാകുമെന്നു തന്നെയാണ് ഡോക്ടർമാർ പറയുന്നത്.
രഞ്ജിത്തിനെയും കുടുംബത്തെയും സഹായിക്കാൻ നാട്ടുകാർ സഹായസമിതി രൂപീകരിച്ചു.
മനോരമ വാർത്തയിലൂടെയാണ് സഹോദരിയെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി ഒരു വീടുവേണമെന്ന ആഗ്രഹം പറഞ്ഞത്. തുടർന്നാണ് ലയൺസ് ക്ലബ് സഹായിക്കാനെത്തിയത്.
ജില്ലാ കാബിനറ്റ് സെക്രട്ടറി കെ.എം.അനിൽകുമാർ തറക്കല്ലിട്ട വീട് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞു.
8.5 ലക്ഷം രൂപ ചെലവിൽ 2 കിടപ്പുമുറികളും അടുക്കളയും വരാന്തയും ശുചിമുറികളും അടക്കം പൂർത്തിയാക്കിയാണു നൽകുന്നത്.
നിർമാണത്തിന് രണ്ടര ലക്ഷം രൂപ മണപ്പുറം ഫൗണ്ടേഷനും നൽകി. ലയൺസ് ക്ലബ് ജിഇടി ജില്ലാ കോഓർഡിനേറ്റർ കെ.ടി.സജി, തിരുവാലി ലയൺസ് പ്രസിഡന്റ് പി.കെ.നിഖിൽ, സെക്രട്ടറി ശ്രീരാഗ് പുന്നപ്പാല, മേഖലാ ചെയർമാൻ പി.കെ.അനൂപ്, പി.രാഗേഷ്, സുനിൽ രവി, കെ.രാജേഷ്, കെ.ശ്രീകുമാർ, കെ.പി.രതീഷ് ബാബു, പി.ഉണ്ണിനാരായണൻ, പി.ഷൈബിൻ, അനൂപ് നെസ്റ്റ് തുടങ്ങിയവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]