
തൃശൂർ: മകനും മരുമകളും വീട് പൂട്ടിപ്പോയതോടെ വീട്ടുമുറ്റത്ത് കിടത്തി അന്ത്യശുശ്രൂഷ ചെയ്യേണ്ടിവന്ന വയോധികന്റെ ചിത്രം ഏറെ ഞെട്ടലോടെയാണ് എല്ലാവരും കണ്ടത്. അനാഥാലയത്തിൽ വച്ച് മരിച്ച അച്ഛന്റെ മൃതദേഹം വീട്ടിലെത്തിക്കും എന്ന് നേരിൽ കണ്ട് അറിയിച്ചപ്പോൾ മുൻവശത്തെ വാതിൽ അടച്ച് പിൻവാതിൽ വഴിയാണ് മകൻ സ്ഥലംവിട്ടതെന്ന് അയൽവാസികൾ പറയുന്നു.
കൈപ്പിള്ളി സ്വദേശി പ്ലാക്കൻ തോമസാണ് മരിച്ചിട്ടും മകന്റെയും മരുമകളുടെയും ക്രൂരതയ്ക്ക് ഇരയായത്. അരിമ്പൂരിലെ തീപ്പെട്ടി കമ്പനിയിലെ തൊഴിലാളിയായിരുന്നു തോമസ്.
ഒരായുഷ്ക്കാലം മുഴുവൻ പണിയെടുത്ത് ഉണ്ടാക്കിയ വീട്. മകന്റെയും മരുമകളുടെയും ഉപദ്രവം അസഹനീയമായപ്പോഴാണ് തോമസും ഭാര്യ റോസ്ലിയും ആ വീട് വിട്ടിറങ്ങി വ്യത്യസ്ത അനാഥാലയങ്ങളിൽ അന്തേവാസികളായതെന്ന് നാട്ടുകാർ പറയുന്നു.
പക്ഷെ മരണക്കിടക്കയിലും മകൻ അച്ഛനോട് ക്രൂരത കാണിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയാണ് തോമസ് മരിച്ചത്.
സ്വന്തം വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഇടവക പള്ളിയിൽ സംസ്കരിക്കാനാണ് രാവിലെ ഒൻപതരയോടെ മൃതദേഹം വീട്ടിലേക്കെത്തിച്ചത്. കാരമുക്ക് കൃപാസദനത്തിൽ നിന്ന് ഭാര്യ റോസിലിയെയും എത്തിച്ചു.
എന്നാൽ നാട്ടുകാരും ബന്ധുക്കളും എത്തി കാര്യം ധരിപ്പിച്ചെങ്കിലും മകൻ സമ്മതിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ഭാര്യ റോസ്ലി വീട്ടുമുറ്റത്ത് മൃതദേഹവുമായി മണിക്കൂറുകൾ ഇരുന്നു.
മകനുമായി പലരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ വൈകുന്നേരത്തോടെ ഇടവക ദേവാലയത്തിലായിരുന്നു സംസ്കാരം.
തോമസ് ജീവിച്ചിരുന്നപ്പോഴും വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട സംഭവമുണ്ടായെന്ന് കൈപ്പിള്ളി വാർഡ് മെമ്പർ ജില്ലി വിൽസൺ പറഞ്ഞു.
തോമസിന്റെ പെൻഷൻ കൈപ്പറ്റാൻ കൃത്യമായി എത്തിയിരുന്ന മകനാണ് ഇത്തരത്തിൽ പെരുമാറിയതെന്നും മെമ്പർ പ്രതികരിച്ചു. തുടർന്ന് താൻ അവരെ ബന്ധുവിന്റെ വീട്ടിൽ എത്തിച്ചെന്നും മെമ്പർ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് മകനും മരുമകളും ചേർന്ന് മർദ്ദിക്കുന്നതായി തോമസും ഭാര്യ റോസിലിയും അന്തിക്കാട് പോലീസിൽ പരാതി നൽകിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥ മാലാ രമണൻ്റെ നേതൃത്വത്തിൽ ഇരുവരെയും മണലൂരിലും കാരമുക്കിലെയും അഗതി മന്ദിരങ്ങളിലേക്ക് മാറ്റുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]