
തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ. വെണ്ണിയൂർ നെടിഞ്ഞൽ എ.ആർ ഭവനിൽ രാജം(54) ആണ് അറസ്റ്റിലായത്.
മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ(18) ആണ് വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്.
അയൽവാസിയായ വീട്ടമ്മ അസഭ്യം പറഞ്ഞതിൽ മനംനൊന്താണ് അനുഷ ജീവനൊടുക്കിയതെന്നായിരുന്നു പരാതി. ഇതിന് തെളിവായി അനുഷയുടെ ഫോണ്‍ റെക്കോര്‍ഡ് അടക്കം പൊലീസിന് ലഭിച്ചു.
അയൽവാസി അസഭ്യവർഷം നടത്തിയതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. കൂടാതെ വിദ്യാർഥിനി ആത്മഹത്യ ചെയ്യും മുൻപ് നാലോളം ബന്ധുക്കളെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞിരുന്നു.
ഇത് റെക്കോഡ് ചെയ്ത ബന്ധു പൊലീസിന് തെളിവ് കൈമാറി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
അയൽവാസിയായ സ്ത്രീ എത്തി അനുഷയെ അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകൾ ആത്മഹത്യ ചെയ്തതെന്നു പറഞ്ഞ് പിതാവ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവ സമയത്ത് അനുഷയും അസുഖ ബാധിതനായ മുത്തച്ഛനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
അയൽവാസിയുടെ അസഭ്യവർഷത്തിൽ മനംനൊന്ത് കുട്ടി മുകളിലെ നിലയിലേക്ക് പോയി വാതിൽ വലിച്ചടതുകണ്ട മുത്തച്ഛൻ സംശയം തോന്നി സമീപത്തെ വയലിലുണ്ടായിരുന്നവരെ വിളിച്ച് പറഞ്ഞതോടെ, ഇവർ എത്തി വാതിൽ തുറന്ന് നോക്കിയപ്പോൾ അനുഷയെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
പിന്നാലെ വീട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ പ്രതിയായ അയൽക്കാരിയുടെ മകൻ അടുത്തിടെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു.
ഇതറിഞ്ഞ് ഇയാളുടെ ആദ്യ ഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതിൽ കടന്ന് ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഇവരെ സഹായിച്ചെന്ന് പറഞ്ഞാണ് അയൽവാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞതെന്നാണ് മൊഴി. തുടർന്ന് കടുത്ത മാനസികസമ്മർദത്തിലായിരുന്ന പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നും പറയുന്നു.
ഇവിടുത്തെ കാര്യങ്ങൾ യുവാവിന്റെ ആദ്യ ഭാര്യയെ അറിയിക്കുന്നത് അനുഷയാണെന്ന് ആരോപിച്ചാണ് പ്രതി അസഭ്യവര്‍ഷം നടത്തിയതെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു.ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നതു കാത്തിരിക്കെയായിരുന്നു അനുഷ. ആത്മഹത്യാപ്രേരണാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]