
സ്വന്തമായി ഒരു പൂക്കട തുടങ്ങാൻ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച 29 -കാരി ഇപ്പോൾ സമ്പാദിക്കുന്നത് മാസം 13 ലക്ഷം രൂപ. ന്യൂയോർക്ക് സിറ്റിയിലെ കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വിയന്ന ഹിൻ്റ്സെ എന്ന യുവതിയാണ് സ്വന്തമായി ഒരു പൂക്കട തുടങ്ങുക എന്ന ലക്ഷ്യത്തോടെ ജോലി ഉപേക്ഷിച്ചത്. മൂന്നുവർഷത്തോളം കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തതിനുശേഷമായിരുന്നു ഹിൻ്റ്സെയുടെ ഈ തീരുമാനം.
ജോലിയിൽ മടുപ്പ് അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് തനിക്ക് ഒരു മാറ്റം വേണമെന്ന തീവ്രമായ ആഗ്രഹം ഹിൻ്റ്സെയിൽ അനുഭവപ്പെട്ടു തുടങ്ങിയത്. അങ്ങനെ അവർ കഴിഞ്ഞ ഓഗസ്റ്റിൽ പൂക്കളുടെ വിപണനം ലക്ഷ്യമിട്ടുകൊണ്ട് സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു. ജോലി ഉപേക്ഷിച്ച് പൂക്കച്ചവടം തുടങ്ങിയ ഹിൻ്റ്സെയെ പലരും പരിഹസിച്ചെങ്കിലും ഇന്ന് പരിഹസിച്ചവർക്കെല്ലാം അസൂയ തോന്നിപ്പിക്കും വിധമുള്ള വളർച്ചയാണ് യുവതി സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞമാസം 13 ലക്ഷം രൂപയാണ് ഹിൻ്റ്സെ നേടിയത്.
2017 -ൽ സിറാക്കൂസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, ന്യൂയോർക്ക് സിറ്റിയിൽ പരസ്യ മേഖലയുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 2020 -ഓടെ, അന്ന് 24 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഹിൻ്റ്സെ സ്വന്തം ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി ആരംഭിച്ചു. എന്നാൽ, ജീവിതത്തിൽ വല്ലാതെ വിരസതയും മടുപ്പും തോന്നിത്തുടങ്ങിയപ്പോൾ അവൾ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടി. അവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആളുകളുമായി കൂടുതൽ അടുത്തിടപഴകാൻ സാധിക്കുന്ന ഒരു ജോലി ചെയ്യുന്നത് തൻറെ മനസ്സിനെ കൂടുതൽ ഊർജ്ജസ്വലമാക്കുമെന്ന് ഹിൻ്റ്സെ തിരിച്ചറിഞ്ഞത്.
അങ്ങനെ ഒരു പഴയ പിക്കപ്പ് ട്രക്ക് സ്വന്തമാക്കാൻ അവൾ തീരുമാനിക്കുകയും അത് ഒരു ഫ്ലവർ ട്രക്ക് ആക്കി മാറ്റി പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു. പരസ്യത്തിലെയും സോഷ്യൽ മീഡിയയിലെയും മുൻകാല പരിചയം പ്രയോജനപ്പെടുത്തി ബിസിനസ്സിൽ അവൾ വളർച്ച പ്രാപിച്ചു. മറ്റുള്ളവർക്ക് ഭ്രാന്ത് എന്ന് തോന്നിയാലും സ്വന്തം സ്വപ്നങ്ങളെ നഷ്ടപ്പെടുത്താതെ മുറുകെ പിടിക്കണം എന്ന് കാണിച്ചുതരുന്നതാണ് ഈ 29 -കാരിയുടെ ജീവിതം.
Last Updated Jul 25, 2024, 3:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]