
ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഗംഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് പിൻവാങ്ങി. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തെരച്ചിൽ നടത്താൻ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. 3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്പെഷ്യൽ സംഘത്തിലുളളത്. കരയിൽ നിന്നും 40 മീറ്റർ അകലെയാണ് 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയത്. ഈ ഭാഗത്തുളള മണ്ണ് മാറ്റൽ മറ്റൊരു സംഘം നടത്തുന്നുണ്ടായിരുന്നു. എന്നാൽ മഴ ശക്തമായതിനാൽ വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കുമോ എന്ന ഭീതിയിൽ ഇന്നത്തെ തെരച്ചിൽ നിർത്തിവെച്ചു.
ശാസ്ത്രീയമായ പരിശോധനയിലൂടെ ട്രക്ക് കണ്ടെത്തിയതിന് ശേഷമാണ് നാവിക സേനയുടെ സ്കൂബാ ഡൈവേഴ്സ് അടങ്ങുന്ന വലിയ സംഘം നദിയിലേക്ക് പോയത്. എത്ര മണിക്കൂറെടുത്താകും ട്രക്ക് പുറത്തേക്ക് എത്തിക്കുകയെന്നതിലൊന്നും ഇപ്പോൾ വ്യക്തതയില്ല. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ രക്ഷാ പ്രവർത്തനം വളരെ ദുഷ്കക്കരമാണ്. എത്രത്തോളം മണ്ണ് നദിയിൽ ട്രക്കിന് മുകളിലുണ്ടെന്നതിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവൻ മാറ്റിയാൽ മാത്രമേ ലോറി പുറത്തെടുക്കാൻ കഴിയുകയുളളു. ശാസ്ത്രീയമായ തിരച്ചിനൊടുവിലാണ് ട്രക്കിന്റെ സാന്നിധ്യം നദിയിൽ കണ്ടെത്തിയത്. കര-നാവിക സേനകളും എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, പൊലീസ് സംഘങ്ങൾ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
എപ്പേൾ വേണമെങ്കിലും ഇടിഞ്ഞ് വീഴാകുന്ന രീതിയിലുളള മണ്ണുളള വലിയ മലകളുളള പ്രദേശത്താണ് ഷിരൂരിൽ അപകടം നടന്നത്. മലകളുടെ സമീപത്ത് കൂടിയാണ് ഈ നാല് വരി ദേശീയ പാത കടന്നുപോകുന്നത്. റോഡിന് സമീപത്ത് കൂടിയാണ് ഗംഗാവലി നദി ഒഴുകുന്നത്. ഈ നദിയിലേക്കാണ് മലയിടിഞ്ഞ് റോഡും വാഹനങ്ങളുമടക്കം പതിച്ചത്. ഇതിനുളളിലാണ് അർജുനും ട്രക്കും പെട്ടുപോയതെന്നാണ് സ്ഥിരീകരണം. കരയിൽ റോഡിൽ വീണ മണ്ണിനടിയിലാകും ട്രക്ക് ഉണ്ടാകുകയെന്ന സംശയത്തെ തുടർന്ന് ആദ്യ ദിവസങ്ങളിൽ കരയിൽ വലിയ തോതിൽ തിരച്ചിൽ നടത്തിയിരുന്നു. ഇല്ലെന്നുറപ്പിച്ച ശേഷമാണ് തിരച്ചിൽ നദിയിലേക്ക് മാറ്റിയത്.
ഒമ്പതാം നാൾ നിർണായക കണ്ടെത്തൽ…
അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ ഇത് അർജുന്റെ ലോറി തന്നെയാണെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു.
Last Updated Jul 24, 2024, 6:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]