
കണ്ണൂരിൽ കനത്ത മഴ: വീടുകളിൽ വെള്ളം കയറി, ആളുകളെ മാറ്റിപ്പാർപ്പിച്ചു; കർണാടക വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം
കണ്ണൂർ∙ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. കൂട്ടുപുഴ ഭാഗത്ത് പുഴകളിലെ ജലനിരപ്പ് ഉയരുന്നതിനാൽ പഴശി ബാരേജിലെ ഷട്ടറുകൾ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നു.
അതിനാൽത്തന്നെ വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശി ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ ഉള്ളതായി സംശയിക്കുന്നതിനാൽ ആളുകൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശം നൽകി.
അതിനിടെ, അയ്യങ്കുന്ന് വില്ലേജിൽ പാലത്തും കടവിൽ ബാരപോൾ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ച കനാൽ കവിഞ്ഞൊഴുകി 4 വീടുകളിൽ വെള്ളം കയറി. മൂന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ഒരു കുടുംബത്തെ അയൽ വീട്ടിലേക്കും മാറ്റി പാർപ്പിച്ചു.
പഴശ്ശി ഡാം ഷട്ടർ ഉയർത്തിയതിനേത്തുടർന്ന് ചാവശ്ശേരി വില്ലേജിൽ കോളാരി മണ്ണൂർ പുഴയിൽ ജലനിരപ്പ് ഉയർന്ന് പുഴയോരത്തെ വയലിൽ വെള്ളം കയറി. നിലവിൽ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയില്ല.
കൊട്ടാരം – പെരിയത്തിൽ റോഡിലും വെള്ളം കയറി. പടിയൂർ വില്ലേജിൽ പെടയങ്ങോട് പുഴക്കരയിലുള്ള അംഗൻവാടിയുടെ മുറ്റം വരെയും വെള്ളം കയറിയിട്ടുണ്ട്.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]