
‘കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകാതെ നോക്കണം’: യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി സിപിഐ
കോട്ടയം ∙ യുഡിഎഫിലേക്കുള്ള മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ ക്ഷണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീറും. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് അടൂർ പ്രകാശ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട പ്രചോദകശക്തിയാണ് സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ആ രാഷ്ട്രീയം പൂർണമായും ഇന്നും നാളെയും കേരളത്തിന്റെ വഴികാട്ടിയാണ്. ആ ബോധ്യത്തിൽ എന്തെങ്കിലും പുനഃപരിശോധന ആവശ്യമാണെന്ന് സിപിഐ ചിന്തിക്കുന്നതേ ഇല്ലെന്ന് ബിനോയ് വിശ്വം മനോരമ ഓൺലൈനോട് പറഞ്ഞു.
രാഷ്ട്രീയ നിലപാടിന്റെ ആശയ അടിത്തറകളെപ്പറ്റി ബോധ്യമില്ലാത്തവരാണ് ഒരു പരാജയത്തിന്റെ പേരു പറഞ്ഞ് മുന്നണി മാറ്റത്തെപ്പറ്റി ചിന്തിക്കുന്നതും ക്ഷണിക്കുന്നതും.
കോൺഗ്രസിലെ പ്രധാനപ്പെട്ട രണ്ടു പ്രവർത്തകസമിതി അംഗങ്ങൾ ബിജെപിയിലേക്കു പോകാൻ നിൽക്കുന്ന അവസ്ഥ കാണാതെ പോകരുതെന്നാണ് ക്ഷണിച്ച സുഹൃത്തിനോട് എനിക്ക് പറയാനുള്ളത്.
ഗാന്ധിജിയുടെ പാർട്ടിയെന്ന് പറയുന്ന കോൺഗ്രസ് വിട്ട് ഗോഡ്സേയുടെ പാർട്ടിയിലേക്കു പോകാൻ നിൽക്കുന്ന കോൺഗ്രസുകാരെ അതിൽ നിന്ന് ഒഴിവാക്കാൻ ക്ഷണിച്ചയാൾ ശ്രമിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫിലെയും കോൺഗ്രസിലെയും ആഭ്യന്തര പ്രശ്നങ്ങൾ ഒഴിവാക്കാൻ സിപിഐയെ ക്ഷണിച്ച് പുകമറ സൃഷ്ടിക്കുകയാണ് കോൺഗ്രസെന്ന് പി.പി.
സുനീർ പറഞ്ഞു. എവിടെയാണ് നിൽക്കുന്നതെന്ന് ഞങ്ങൾക്ക് നന്നായി അറിയാം.
മുന്നണിക്കുള്ളിൽ ഒരു കുഴപ്പവുമില്ല. ഇവിടെ തന്നെ നിൽക്കും.
മുഖ്യമന്ത്രി സ്ഥാനം കളഞ്ഞിട്ടാണ് സിപിഐ എൽഡിഫിലേക്ക് വന്നതെന്നും സുനീർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]