
ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമായി ചരിത്രത്തിൽ അടയാളപ്പെട്ട് ഇന്നും രാജ്യത്തെ നടുക്കുന്ന ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ട് 49 വർഷം. 49വർഷം മുമ്പ് മറ്റൊരു ജൂൺ 25-നാണ് രാജ്യത്ത് അടിയന്തരവാസസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഇനിയൊരിക്കലും ആവർത്തിക്കപ്പെടരുതെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന ആ അമിതാധികാര പ്രയോഗം ഇന്നും ജനാധിപത്യ വിശ്വാസികളുടെ ഹൃദയത്തിൽ ചോരവാർക്കുന്ന ഒരുമുറിവാണ്. (49 years since Emergency: Why, when on Indira Gandhi’s attempt to centralise power )
എഴുപതുകളുടെ തുടക്കകാലം. സ്തുതിപാടകന്മാരുടെ വലയത്തിലായിരുന്നു അന്ന് ഇന്ദിരാഗാന്ധി. അസമീസ് കവിയും കോൺഗ്രസ് നേതാവുമായ ഡി കെ ബറുവ ‘ഇന്ത്യ എന്നാൽ ഇന്ദിരയെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നും’ വരെ പ്രഖ്യാപിച്ച കാലം. അധികാരം ഇന്ദിരയിലേക്ക് കേന്ദ്രീകരിക്കുകയും ഏകാധിപത്യപ്രവണതയിലേക്ക് ഇന്ദിര നീങ്ങുകയും ചെയ്തിരുന്ന സമയം. പാകിസ്ഥാനുമായുണ്ടായ 1971-ലെ യുദ്ധം രാജ്യത്തിന്റെ ആഭ്യന്തരവരുമാനം കുറച്ചു. വരൾച്ചയും പട്ടിണിയും തൊഴിലില്ലായ്മയും ഇന്ദിരയ്ക്കെതിരെ സമരങ്ങൾക്കിടയാക്കി. സമരങ്ങളെ സർക്കാർ ,കിരാതമായി അടിച്ചമർത്തി. ഇന്ദിരയുടെ ഭരണത്തിനെതിരെ ജയപ്രകാശ് നാരായൺ സമ്പൂർണ വിപ്ലവം പ്രഖ്യാപിച്ചു.
Read Also:
1971 ലെ പൊതുതെരഞ്ഞെടുപ്പിൽ ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്തുവെന്ന കേസിൽ, അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് വിധിച്ചു. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഇന്ദിരാഗാന്ധിയെ വിലക്കി. ചരിത്രവിധിയുടെ പതിമൂന്നാം നാൾ, 1975 ജൂൺ 25 -ന് അർദ്ധരാത്രി ഇന്ദിരാ ഗാന്ധിയുടെ ശിപാർശയിൽ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ ഉത്തരവെത്തി- ‘രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.’ ജനാധിപത്യ ഇന്ത്യയുടെ ഇരുണ്ട നാളുകളാണ് പിന്നീട് അനാവരണം ചെയ്യപ്പെട്ടത്. മാധ്യമങ്ങൾക്ക് സെൻസർഷിപ്പ്,ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, മുലായം സിംഗ് യാദവ്, ജോർജ് ഫെർണാണ്ടസ്, എ.ബി വാജ്പേയി, അദ്വാനി തുടങ്ങിയ പ്രതിപക്ഷനേതാക്കൾ കൽത്തുറുങ്കിലായി, നിർബന്ധിത വന്ധ്യംകരണം പോലെ, ഇന്ദിര ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ നിരുത്തരവാദപരമായുള്ള അധികാരപ്രയോഗങ്ങൾ… നടുക്കുന്ന ജനാധിപത്യധ്വംസനങ്ങളാണ് അക്കാലത്ത് നടന്നത്.
കേരളത്തിൽ അന്ന് സി അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. ആഭ്യന്തരമന്ത്രി കെ കരുണാകരനും. കോഴിക്കോട് റിജീയണൽ എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥിയായിരുന്ന രാജൻ അക്കാലത്തെ ഭരണകൂട ഭീകരതയുടെ രക്ഷസാക്ഷിയായി. 21 മാസങ്ങൾക്കുശേഷം 1977 മാർച്ച് 21-ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിൻവലിച്ച്, പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടിച്ചമർത്തലിന് എതിരെയുള്ള ജനവികാരം ഇന്ദിരയ്ക്കെതിരായ വോട്ടായി മാറി. മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാപാർട്ടി അധികാരത്തിലേറി. അമിതാധികാരപ്രയോഗത്തിന് ഇന്ത്യൻ ജനത നൽകിയ മറുപടിയായിരുന്നു അത്. ഭാവിയിൽ ആ പ്രവണത പ്രകടമാക്കാൻ സാധ്യതയുള്ള നേതാക്കന്മാർക്കു കൂടിയുള്ള ശക്തമായ മുന്നറിയിപ്പായി മാറി അത്.
Story Highlights : 49 years since Emergency: Why, when on Indira Gandhi’s attempt to centralise power
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]