
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറുമായി മൂന്ന് കുരുന്നുകൾ കൂടി എത്തി.
വെള്ളിയാഴ്ച രാത്രി 9.30ന് ഒന്നര മാസം പ്രായമുള്ള പെൺ കുഞ്ഞും ഞായറാഴ്ച വെളുപ്പിന് 2.30ന് പത്ത് ദിവസം മാത്രം പ്രായം തോന്നിക്കുന്ന ഇരട്ട ആൺകുട്ടികളുമാണ് അതിഥികളായി എത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് രണ്ട് കുട്ടികളെ അമ്മത്തൊട്ടിലിൽ ലഭിക്കുന്നത്.
ആറ് വർഷങ്ങൾക്ക് ശേഷമാണ് അമ്മതൊട്ടിലിൽ ഇരട്ട കുഞ്ഞുങ്ങൾ അഥിതികളായി എത്തുന്നത്. ഇതിനു മുൻപ് 2018 ലാണ് ഇരട്ടകുട്ടികളെ ലഭിച്ചത്. പുതിയതായി എത്തിയ അതിഥികൾക്ക് രക്ഷിത, ആർദ്രൻ, ഹൃദ്യൻ എന്നിങ്ങനെ കരുത്തുകൾക്ക് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഇതുവരെയായി 604 കുട്ടികളാണ് പോറ്റമ്മമാരുടെ പരിചരണയ്ക്കായി എത്തിയത്.
പുതിയ അതിഥികളുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ചു. പിന്നീട് കുട്ടികളെ വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ കൊണ്ടുപോയി. പൂർണ്ണ ആരോഗ്യവാന്മാരായ കുരുന്നുകൾ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ് ഇപ്പോൾ.
ഒരു വർഷത്തിനിടയിൽ തിരുവനന്തപുരത്ത് 2023 മെയ് മുതൽ അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 18 -മത്തെ കുട്ടികളും 7-ാമത്തെ പെൺകുഞ്ഞുമാണ്. ആൺകുട്ടികളാവട്ടെ പത്താമത്തെയും പതിനൊന്നാമത്തെയുമാണ്. 2024 വർഷത്തിൽ ഇതുവരെയായി 28 കുഞ്ഞുങ്ങളാണ് അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയിൽ നിന്നും യാത്രയായത്.
കുട്ടികളുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.
Last Updated Jun 24, 2024, 6:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]