
മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ ശുഭ്മാന്‍ ഗില്‍ നയിക്കും. യുവതാരങ്ങളെ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച 15 അംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം നേടി. അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ, ധ്രുവ് ജുറല്‍ എന്നിവര്‍ക്ക് ആദ്യമായിട്ടാണ് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. ഐപിഎല്ലില്‍ പുറത്തെടുത്ത പ്രകടനമാണ് ഇവര്‍ക്കെല്ലാം ഗുണം ചെയ്തത്. അതേസമയം, തിലക് വര്‍മ തഴയപ്പെട്ടു.
സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം കൊടുക്കാന്‍ തീരുമാനിച്ചതോടെയാണ് യുവനിരയെ പരീക്ഷിക്കാന്‍ ബിസിസിഐ മുതിര്‍ന്നത്. വിരാാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്കെല്ലാം വിശ്രമം അനുവദിക്കുകയായിരുന്നു.
സഞ്ജുവിന് പുറമെ യശസ്വി ജയ്സ്വാള്‍ മാത്രമാണ് ടി20 ലോകകപ്പ് സ്ക്വാഡില്‍ നിന്ന് ടീമിലെത്തിയ താരം. അഞ്ച് ടി20 മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര ജൂലൈ ആറിനാണ് ആരംഭിക്കുക. നിതീഷ് കുമാര്‍ ഐപിഎല്ലിലെ എമേര്‍ജിംഗ് താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം കിട്ടാതിരുന്ന ശുഭ്മാന്‍ ഗില്‍ ട്രാവലിംഗ് റിസര്‍വായി ടീമിനൊപ്പം യാത്ര ചെയ്തിരുന്നെങ്കിലും അമേരിക്കയിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗില്ലിനെയും ആവേശ് ഖാനെയും നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഗില്ലിനെ തിരിച്ചയച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത്തരം വാര്‍ത്തകളെയെല്ലാം തള്ളുന്നതായിരിന്നു ടീം പ്രഖ്യാപനം.
സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അവേഷ് ഖാന്, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.
Last Updated Jun 24, 2024, 7:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]