
ദില്ലി: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് നേടി. സെഞ്ച്വറി നേടിയ ഹെന്റിച്ച് ക്ലാസന്റെയും അര്‍ധ സെഞ്ച്വറി ട്രാവിസ് ഹെഡിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് സൺറൈസേഴ്സിന് കൂറ്റൻ സ്കോര്‍ സമ്മാനിച്ചത്.
തുടക്കം മുതൽ തന്നെ ഹൈദരാബാദ് ബാറ്റര്‍മാര്‍ നയം വ്യക്തമാക്കിയിരുന്നു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും ട്രാവിസ് ഹെഡും സൺറൈസേഴ്സിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 6.5 ഓവറിൽ 92 റൺസാണ് അടിച്ചുകൂട്ടിയത്. 16 പന്തിൽ 32 റൺസുമായി അഭിഷേക് ശര്‍മ്മ മടങ്ങിയതോടെ ഹെഡ്-ക്ലാസൻ സഖ്യം ക്രീസിലൊന്നിച്ചു. ക്ലാസനും തുടക്കത്തിൽ തന്നെ ആക്രമണം അഴിച്ചുവിട്ടതോടെ സൺറൈസേഴ്സിന്റെ സ്കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. 17 പന്തിൽ നിന്ന് ക്ലാസൻ അര്‍ധ സെഞ്ച്വറി തികച്ചു. എന്നാൽ, അധികം വൈകാതെ ഹെഡിനെ സുനിൽ നരെയ്ൻ മടക്കിയയച്ചു. 40 പന്തിൽ 6 സിക്സറുകളും 6 ബൗണ്ടറികളും സഹിതം 76 റൺസുമായി ഹെഡ് മടങ്ങുമ്പോൾ തന്നെ ടീം സ്കോര്‍ 12.4 ഓവറിൽ 175ൽ എത്തിയിരുന്നു.
14.4 ഓവറിൽ ടീം സ്കോര്‍ 200 കടന്നു. അടുത്ത 50 റൺസ് കൂട്ടിച്ചേര്‍ക്കാൻ ക്ലാസനും ഇഷാൻ കിഷനും വെറും 18 പന്തുകൾ മാത്രമാണ് വേണ്ടി വന്നത്. ഇതിനിടെ 19-ാം ഓവറിന്റെ മൂന്നാം പന്തിൽ ഇഷാൻ കിഷന്റെ വിക്കറ്റ് സൺറൈസേഴ്സിന് നഷ്ടമായത്. 20 പന്തുകൾ നേരിട്ട കിഷൻ 29 റൺസ് നേടിയാണ് മടങ്ങിയത്. 19-ാം ഓവറിൽ ക്ലാസൻ സെഞ്ച്വറി തികച്ചു. വെറും 37 പന്തുകൾ നേരിട്ട ക്ലാസൻ 6 ബൗണ്ടരികളുടെയും 9 സിക്സറുകളുടെയും അകമ്പടിയോടെയാണ് സെഞ്ച്വറി നേടിയത്. ഈ സീസണിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിദേശ താരമാണ് ക്ലാസൻ. 278 റൺസ് നേടിയതിന് പിന്നാലെ ഐപിഎല്ലിലെ ഒന്നാമത്തെയും (287) രണ്ടാമത്തെയും (286) ഉയര്‍ന്ന ടീം സ്കോറിന് പിന്നാലെ മൂന്നാമത്തെ ടീം സ്കോറും (278) സൺറൈസേഴ്സ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. നാലാമത്തെ ഉയര്‍ന്ന ടീം സ്കോറും (277) സൺറൈസേഴ്സിന്റെ പേരിൽ തന്നെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]