
കോഴിക്കോട് കേരളത്തിലെ ഏറ്റവും വലിയ ലത്തീൻ അതിരൂപത; ഒരു നൂറ്റാണ്ട്, നയിച്ചത് 6 പിതാക്കന്മാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ വടക്ക് ചന്ദ്രഗിരിപ്പുഴ മുതൽ തെക്ക് ഭാരതപ്പുഴ വരെ വിശാലമായി പരന്നുകിടക്കുകയാണ് ഇന്ന് ഔദ്യോഗികമായി നിലവിൽ വന്ന അതിരൂപത. ലത്തീൻ സഭയുടെ കീഴിൽ കേരളത്തിലുള്ള മൂന്നു അതിരൂപതകളിൽ ഏറ്റവും വിസ്തൃതിയേറിയ അതിരൂപതയാണിത്. മലബാറിലെ ജില്ലകൾ ഒന്നടങ്കം ഈ അതിരൂപതയ്ക്കുകീഴിലാണ്. 102 വർഷത്തെ വിശ്വാസപാരമ്പര്യമുള്ള കോഴിക്കോട് രൂപതയുടെ ഭാഗമായിരുന്നു മലപ്പുറം, വയനാട് ജില്ലകൾ. ഈ മൂന്നു ജില്ലകളിലായി 41 ഇടവകകളും 12 സബ് സ്റ്റേഷനുകളുമാണ് കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ളത്. വരാപ്പുഴ അതിരൂപതയ്ക്കു കീഴിലുള്ള പാലക്കാട് സുൽത്താൻപേട്ട രൂപത കോയമ്പത്തൂരിന്റെ അതിർത്തിവരെയുള്ളതാണ്. വരാപ്പുഴയെ വിഭജിച്ച് സുൽത്താൻപേട്ട രൂപതയെ കോഴിക്കോടിന്റെ ഭാഗമാക്കി. കാസർകോട് വരെ നീണ്ടുകിടക്കുന്ന കണ്ണൂർ രൂപതയും അതിരൂപതയുടെ ഭാഗമായി.
∙ അതിരൂപത എന്നാൽ?
ഒരു അജപാലന മേഖലയുടെ ചരിത്ര, സാമൂഹിക, സാംസ്കാരിക, വിശ്വാസ പാരമ്പര്യങ്ങളെ പഠിച്ച ശേഷമാണ് വത്തിക്കാൻ രൂപതയെ അതിരൂപതയായി പ്രഖ്യാപിക്കുക. കഴിഞ്ഞ 102 വർഷമായി കോഴിക്കോട് രൂപത സമൂഹത്തിനു നൽകിയ മികവുറ്റ സംഭാവനകൾ ആഴത്തിലറിഞ്ഞ ശേഷമാണ് വത്തിക്കാൻ കോഴിക്കോട് രൂപതയെ അതിരൂപതാ പദവിയിലേക്ക് ഉയർത്തുന്നത്.
ഇത്രയും കാലം കോഴിക്കോട് രൂപത വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഒരു ‘സഫ്രഗൻ രൂപത’യായിരുന്നു. സഫ്രഗൻ രൂപത എന്നത് പ്രവിശ്യയിലെ മെത്രാപ്പൊലീത്തയ്ക്കു കീഴിലുള്ള രൂപതയാണ്. വരാപ്പുഴ അതിരൂപതയിൽ കോഴിക്കോട് പോലെയുള്ള മറ്റു സഫ്രഗൻ രൂപതകളായ കണ്ണൂർ, സുൽത്താൻപേട്ട എന്നീ രൂപതകൾ ഇനി മുതൽ കോഴിക്കോട് അതിരൂപതയിലെ പുതിയ സഫ്രഗൻ രൂപതകളായി മാറുകയാണ്. അതിരൂപതയുടെ ഇടയനാണ് ആർച്ച് ബിഷപ് അഥവാ മെത്രാപ്പൊലീത്ത. കോഴിക്കോട് അതിരൂപതയുടെ തലവൻ പിതാവ് ഇനി മുതൽ മെത്രാപ്പൊലീത്താ അഥവാ ആർച്ച് ബിഷപ് എന്നാണ് അറിയപ്പെടുക. കോഴിക്കോട് അതിരൂപതയുടെ അതിർത്തികൾ കാസർകോട് മുതൽ ഷൊർണൂർ വരെയും കോയമ്പത്തൂർ വരെയും വ്യാപിച്ചുകിടക്കുകയാണ്.
∙ ആർച്ച് ബിഷപ്പിന്റെ ചുമതലകൾ
സഭയുടെ കാനോനിക നിയമമനുസരിച്ച് അതിരൂപതാ മെത്രാപ്പൊലീത്തയുടെ പ്രധാനലക്ഷ്യം പ്രവിശ്യയിലെ എല്ലാ സഫ്രഗൻ രൂപതകളെയും അജപാലന ശുശ്രൂഷകളിലും വിശ്വാസ സംരക്ഷണത്തിലും സഹായിക്കുക എന്നതാണ്. ഒരു അതിരൂപത എന്നത് ഒരു സഭാ പ്രവിശ്യയുടെ പ്രധാന രൂപതയാണ്. വ്യക്തികളുടെയും സ്ഥലങ്ങളുടെയും സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ അയൽരൂപതകളുടെ പൊതുവായ അജപാലന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും രൂപത മെത്രാന്മാരുടെ പരസ്പര ബന്ധം കൂടുതൽ ഉചിതമായി വളർത്തിയെടുക്കുന്നതും, മെത്രാപ്പൊലീത്തയുടെ ശുശ്രൂഷകളായിരിക്കും. തന്റെ രൂപതയുടെ ആർച്ച് ബിഷപ്പായ ഒരു മെത്രാപ്പൊലീത്ത, ഒരു സഭാ പ്രവിശ്യയുടെ അധ്യക്ഷൻ ആണ്. വിശ്വാസവും സഭാഅച്ചടക്കവും ശ്രദ്ധാപൂർവം പാലിക്കപ്പെടുന്നതിന് ജാഗ്രത പാലിക്കുക, ദുരുപയോഗങ്ങൾ ഉണ്ടെങ്കിൽ പാപ്പയെ അറിയിക്കുക എന്നിവയും മെത്രാപ്പൊലീത്തയുടെ ചില ദൗത്യങ്ങളാണ്.
∙ ഒരു നൂറ്റാണ്ട്; 6 പിതാക്കന്മാർ
രൂപത രൂപീകരിക്കപ്പെട്ടതുമുതൽ കോഴിക്കോട് അതിരൂപതയാകുന്നതുവരെ ആറു ബിഷപ്പുമാരാണ് വിശ്വാസസമൂഹത്തെ നയിച്ചത്. 1923 മുതൽ 1980 വരെ രൂപതയെ നയിച്ചത് ഈശോ സഭാംഗങ്ങളായ ഇറ്റാലിയൻ വൈദികരായിരുന്നു. 1923 മുതൽ 1932 വരെ ബിഷപ് ഡോ. പോൾ പെരീനിയായിരുന്നു രൂപതാധ്യക്ഷൻ. അദ്ദേഹത്തിന്റെ കാലശേഷം 1932 മുതൽ 38 വരെ രൂപതയുടെ ഭരണം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മോൺ.ബെഞ്ചമിൻ എം.റംസാനി നിർവഹിച്ചു. 1938 മുതൽ 1945 വരെ ഡോ.ലിയോ പ്രൊസർപ്പിയോ രൂപതാ ബിഷപ്പായി. 1948 ൽ മൂന്നാമത്തെ അധ്യക്ഷനായി ബിഷപ് ഡോ.ആൽദോ മരിയോ പത്രോണി ചുമതലയേറ്റു.
1980ൽ ആണ് രൂപതയുടെ ആദ്യ തദ്ദേശീയ മെത്രാനായി ഡോ.മാക്സ്വെൽ നെറോണ ചുമതലയേറ്റത്. അദ്ദേഹം സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2002 ൽ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ രൂപതയുടെ ബിഷപ്പായി. 2011ൽ അദ്ദേഹം റോമിൽ പുതിയ ദൗത്യവുമായി പോയതോടെ ഒരു വർഷം മോൺ.വിൻസന്റ് അറയ്ക്കൽ അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചു. 2012 ജൂണിൽ ഇപ്പോഴത്തെ ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ രൂപതയുടെ ചുമതലയേറ്റെടുത്തു
∙ പ്രഖ്യാപനം വന്നത് ഏപ്രിൽ 12ന്
കഴിഞ്ഞ ഏപ്രിൽ 12ന് ആണ് ഫ്രാൻസിസ് മാർപാപ്പയുടെ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ രൂപത അതിരൂപതയായി മാറുന്നത്. അതിരൂപതയുടെ നിലവാരവും പ്രഥമ ആർച്ച് ബിഷപ്പിന്റെ നിയമനവും സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സീറോ മലബാർ സഭയുടെ തലശ്ശേരി ആർച്ച് ബിഷപ്പും എറണാകുളം അങ്കമാലി ആർക്കി എപ്പിസ്കോപൽ വികാരിയുമായ മാർ ജോസഫ് പാംപ്ലാനിയാണ് വായിച്ചത്.
ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ഡോ. അലക്സ് വടക്കുംതല, സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, സുൽത്താൻപേട്ട ബിഷപ് ഡോ. പീറ്റർ അബീർ അന്തോണി സാമി, ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവർ ആശംസകളുമായി ബിഷപ്പിനെ കാണാനെത്തിയിരുന്നു.
മാർപാപ്പയുടെ വിയോഗത്തെതുടർന്ന് ഡോ.വർഗീസ് ചക്കാലക്കൽ വത്തിക്കാനിലെത്തി ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. കോഴിക്കോട്ടെ വിശ്വാസി സമൂഹത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സിറ്റി സെന്റ് ജോസഫ്സ് പള്ളിയങ്കണത്തിലെ ചടങ്ങിൽ അതിരൂപതാ മെത്രാപ്പൊലീത്തയായി സ്ഥാനാരോഹണമേൽക്കാൻ എത്തിയത്.