
‘ഓപ്പറേഷൻ സിന്ദൂർ സൈനിക ദൗത്യം മാത്രമല്ല; മാറുന്ന ഇന്ത്യയുടെ മുഖം, കുട്ടികൾക്ക് സിന്ദൂർ എന്ന് പേരിടുന്നു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക ദൗത്യം മാത്രമല്ലെന്നു പ്രധാനമന്ത്രി . ‘ഇതു മാറുന്ന ഇന്ത്യയുടെ മുഖമാണെന്നും’ രാജ്യത്തിന്റെ ധൈര്യവും ശക്തിയും ആഗോള വേദിയിൽ പ്രതിഫലിപ്പിക്കാൻ സാധിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്നു രാജ്യം മുഴുവൻ ഭീകരതയ്ക്കെതിരെ ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിൽ ഒരു ടേണിങ് പോയിന്റ് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. റേഡിയോ പ്രഭാഷണ പരമ്പരയായ മൻ കി ബാതിന്റെ 122ാം എപ്പിസോഡായിരുന്നു ഇന്നത്തേത്.
‘‘ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിനു പുതിയ ആത്മവിശ്വാസവും ഊർജവും നൽകി. വളരെ ‘അസാധാരണമായ’ കൃത്യതയോടെയാണ് ഇന്ത്യൻ സേനകൾ അതിർത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങൾ തകർത്തത്. മാറുന്ന ഇന്ത്യയുടെ മുഖമാണിത്. ഇതിനുപിന്നാലെ നമ്മുടെ സേനകളെ അഭിനന്ദിച്ചു ധാരാളം കാര്യങ്ങൾ നടന്നു. സമൂഹമാധ്യമങ്ങളിലെ ദേശഭക്തി കവിതകളിൽ തുടങ്ങി തിരംഗാ യാത്രകൾ വരെ നടത്തി. പല നഗരങ്ങളിലും യുവജനങ്ങൾ സിവിൽ ഡിഫൻസിനായി സ്വയം സന്നദ്ധരായി, കുട്ടികൾ ശക്തമായ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ ചിത്രങ്ങൾ വരച്ചു. കട്ടിഹാർ, കുഷിനഗർ പോലുള്ള നഗരങ്ങളിൽ പുതിയതായി ജനിച്ച കുട്ടികൾക്ക് സിന്ദൂർ എന്നു പേരിട്ടു. ആയുധങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പിന്തുണയിൽ നമ്മുടെ സൈനികരുടെ ധീരതയുടെ പ്രതീകമാണത്’’ – നരേന്ദ്ര മോദി പറഞ്ഞു.
‘മാവോ മേഖലയിൽ വിദ്യാഭ്യാസം ലക്ഷ്യം കണ്ടു’
മാവോയിസത്തിനെതിരെയുള്ള സംയുക്ത പോരാട്ടത്തിന്റെ ഫലം ഇപ്പോൾ ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘‘മാവോയിസ്റ്റ് ബാധിത മേഖലകളിൽ വികസനവും വിദ്യാഭ്യാസവും കടന്നുചെന്നതിന്റെ വ്യത്യാസം കാണാനുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങളായ ബസ് സർവീസുകളും വിദ്യാഭ്യാസവും ഈ മേഖകളിലെത്തിച്ചു. ബസിൽ യാത്ര ചെയ്യുക എന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ പല ഗ്രാമങ്ങളും ഒരു ബസ് എത്താനായി വർഷങ്ങൾ കാത്തിരുന്നിട്ടുണ്ട്. ചെണ്ട കൊട്ടിയാണ് അവിടങ്ങളിൽ ആദ്യമായി ബസ് എത്തിയതിനെ സ്വീകരിച്ചത്. ഛത്തിസ്ഗഡിലെ മാവോ ബാധിത ദണ്ഡേവാഡ ജില്ലയിൽ പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ 95% ആണ് വിജയം. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിജയശതമാനം അവിടെയായിരുന്നു. 12–ാം ക്ലാസ് ഫലം വന്നപ്പോൾ സംസ്ഥാനത്ത് ആറാമതായിരുന്നു ദണ്ഡേവാഡ’’ – അദ്ദേഹം പറഞ്ഞു.
പ്രഭാഷണത്തിൽ സിംഹങ്ങളും തേനും
ഗുജറാത്തിലെ ഗിർ വനത്തിൽ ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം വർധിച്ചത് വളരെ പ്രോത്സാഹനജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 674ൽനിന്ന് അഞ്ച് വർഷം കൊണ്ട് 891 സിംഹങ്ങളായാണ് വർധിച്ചത്. 11 ജില്ലകളിലായി പടർന്നുകിടക്കുന്ന 35,000 ചതുരശ്ര കി.മീ. പ്രദേശത്തു നടത്തിയ സെൻസസിലൂടെയാണ് സിംഹങ്ങളുടെ എണ്ണം വർധിച്ചതു കണ്ടെത്തിയത്. മേയ് 20ന് ആചരിച്ച ലോക തേനീച്ച ദിനത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. കഴിഞ്ഞ പതിനൊന്നു വർഷമായി ഇന്ത്യയിൽ മധുര വിപ്ലവം നടക്കുകയാണെന്നും 70,000–75,000 മെട്രിക് ടൺ തേൻ ഉത്പാദിപ്പിച്ചിരുന്നിടത്ത് ഇപ്പോൾ വർഷം 1.25 ലക്ഷം മെട്രിക് ടൺ തേൻ ഉത്പാദിപ്പിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ്, ഗുജറാത്ത്, ജമ്മു കശ്മീർ, ബംഗാൾ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ തേൻ ഉത്പാദകരുടെ എണ്ണം വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.