
നായകളുടേയും പൂച്ചകളുടേയും അടക്കം അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ആളുകൾക്ക് ഇത്തരത്തിലുള്ള ക്യൂട്ട് വീഡിയോകൾ കാണാൻ വളരെ അധികം ഇഷ്ടവുമാണ്. അങ്ങനെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ ഹൃദയം കവർന്നു കൊണ്ടിരിക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് misty_eva_mauli and missevas_pethouse എന്ന അക്കൗണ്ടിൽ നിന്നാണ്. വീഡിയോയിൽ കാണുന്നത് ഒരു വളർത്തുനായയെ ആണ്. അവൾ ആരെയോ കാത്തിരിക്കുകയാണ് എന്ന് വീഡിയോ കാണുമ്പോൾ തന്നെ മനസിലാവും. അതും പതിവുതെറ്റാതെ തന്റെ അടുത്തെത്തുന്ന ആരെയോ.
അതേ, അതുവഴി ദിനേന വരുന്ന പഴക്കച്ചവടക്കാരനെ കാത്താണ് അതിന്റെ നിൽപ്. വീഡിയോയിൽ എഴുതിയിരിക്കുന്നത് ‘ക്യൂട്ട് ലിറ്റിൽ ഫ്രൂട്ട് ടാക്സ് കളക്ടർ’ എന്നാണ്. ഇത് ദിവസേനയുള്ള പതിവാണ് എന്നും വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്.
പഴക്കച്ചവടക്കാരനെ ദൂരെനിന്നും കാണുമ്പോൾ തന്നെ നായ ആകെ ആവേശത്തിലാവുന്നതാണ് വീഡിയോയിൽ കാണുന്നത്. പിന്നാലെ അവൾ ആവേശത്തോടെ അയാൾ അടുത്തെത്താൻ കാത്തുനിൽക്കുന്നതും കാണാം. പഴക്കച്ചവടക്കാരനാവട്ടെ അവിടെ എത്തിയതും തന്റെ പഴം നിറച്ച വണ്ടി നിർത്തുകയും അതിൽ നിന്നും ഒരു പഴമെടുത്ത് നായയുടെ അടുത്തേക്ക് വരികയും ചെയ്യുകയാണ്. അപ്പോൾ നായ നിർത്താതെ വാലാട്ടിക്കൊണ്ടിരിക്കുന്നതും കാണാം.
പിന്നാലെ, കച്ചവടക്കാരൻ ആ പഴം തോലൊക്കെ കളഞ്ഞ് പൊട്ടിച്ച് നായയ്ക്ക് നൽകുന്നതും വീഡിയോയിൽ കാണാം. നായ വേഗത്തിൽ ആ പഴം തിന്നുതീർക്കുകയാണ്. തലേദിവസം പഴം നൽകിയപ്പോൾ എങ്ങനെയാണ് അത് കഴിച്ച് അവൾ അവിടെ തന്നെ കിടന്നുറങ്ങിയത് എന്നതിനെ കുറിച്ച് പഴക്കച്ചവടക്കാരൻ പറയുന്നതും കാണാം.
വീഡിയോ അനേകങ്ങളാണ് കണ്ടത്. എന്ത് ക്യൂട്ടായ വീഡിയോ എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]