
മിക്കപ്പോഴും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്ന ഒരു വ്യാപാരസ്ഥാപനം. ആ സ്ഥാപനത്തിന്റെ പേരില്‍ ബ്രാന്റ് ചെയ്ത ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയാലോ? ഇരുകയ്യും നീട്ടിയാണ് ഉപഭോക്താക്കള്‍ അത്തരം ബ്രാന്റുകളെ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇവൈ ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ഇന്‍ഡെക്സ് ഇന്ത്യ എഡിഷന് റിപ്പോര്‍ട്ട്. ഒരു മൂന്നാം കക്ഷി നിര്‍മ്മിക്കുകയും എന്നാല്‍ ഒരു റീട്ടെയിലറുടെ സ്വന്തം ബ്രാന്‍ഡ് നാമത്തില്‍ വില്‍ക്കുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങളെ പ്രൈവറ്റ് ലേബലുകള്‍ എന്നാണ് വിളിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍, റീട്ടെയിലര്ക്കാണ് പൂര്‍ണ്ണ നിയന്ത്രണം. ഉല്‍പ്പന്നത്തിന്റെ സവിശേഷതകള്‍ , പാക്കേജിംഗ്, വിപണനം തുടങ്ങിയ എല്ലാ കാര്യങ്ങളും റീട്ടെയിലര്‍ തീരുമാനിക്കുന്നു. ചുരുക്കത്തില്‍, റീട്ടെയിലര്‍ക്ക് സ്വന്തം ബ്രാന്‍ഡായി വില്‍ക്കുന്നതിനായി പ്രത്യേകം നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളാണിവ. പകുതിയിലധികം ഉപഭോക്താക്കളും (52%) ഇപ്പോള്‍ പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ ബ്രാന്‍ഡുകള്‍ മികച്ച ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നുണ്ടെന്ന് 70% ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു.
ഉദാഹരണത്തിന്, ഒരു സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അവരുടെ സ്വന്തം പേരില്‍ വില്‍ക്കുന്ന പാല്, ബ്രഡ്, അല്ലെങ്കില്‍ മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉദാഹരണമാണ്. ഇവ ഒരുപക്ഷേ മറ്റൊരു കമ്പനി ഉല്പ്പാദിപ്പിക്കുന്നതായിരിക്കാം, എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ബ്രാന്‍ഡ് നാമത്തിലാണ് വിപണിയിലെത്തുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്നു. പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങളോടുള്ള ഈ വര്‍ദ്ധിച്ചുവരുന്ന താല്പര്യം പരമ്പരാഗത ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ബദലായി സ്റ്റോര്‍ ബ്രാന്‍ഡുകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളെപ്പോലെ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രൈവറ്റ് ലേബലുകള്‍ക്ക് കഴിയുമെന്ന് 70% ഉപഭോക്താക്കളും വിശ്വസിക്കുന്നു.
ഉപഭോക്താക്കളുടെ മനോഭാവം മാറുന്നു
ഈ മാറ്റങ്ങളോട് റീട്ടെയിലര്‍മാരും പ്രതികരിക്കുന്നതായി പഠനം പറയുന്നു. 74% ഉപഭോക്താക്കളും തങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്ന കടകളില്‍ കൂടുതല്‍ പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. 70% പേരും കൂടുതല്‍ പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങള്‍ സ്റ്റോര്‍ ഷെല്ഫുകളില് എളുപ്പത്തില്‍ കാണുന്ന സ്ഥാനത്ത് വെച്ചിരിക്കുന്നതായി അറിയിച്ചു. കൂടാതെ, 69% ഉപഭോക്താക്കളും സ്റ്റോര്‍ ബ്രാന്‍ഡുകളും പ്രൈവറ്റ് ലേബലുകളും പണം ലാഭിക്കാന്‍ സഹായിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]