
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും 27 കോടിയോളം രൂപയുടെ നഷ്ടം വന്നുവെന്ന് കെഎസ്ഇബി. ഇതുവരെ 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചുവെന്നും കെഎസ്ഇബി. ഇതിൽ 5,39,976 ഉപഭോക്താക്കൾക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകിയെന്നും കെഎസ്ഇബിയുടെ കണക്ക്. തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിൽ കൺട്രോൾ റൂം തുറന്നു. 9496018377 എന്ന നമ്പറിൽ 24 മണിക്കൂറും പരാതികൾ അറിയിക്കാം.
സംസ്ഥാനത്ത് കാലവർഷം ഇന്നലെ മുതൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സ്ഥിരീകരണം. സാധാരണയിലും എട്ട് ദിവസം മുൻപേ ആണ് കാലവർഷം എത്തിയത്. 2009ന് ശേഷം ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ് ഇത്തവണത്തേത്. മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം കൊങ്കൺ തീരത്തിനുമുകളിൽ രത്നഗിരിക്ക് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. മെയ് 27ഓടെ മധ്യപടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാനും സാധ്യത കാണുന്നുവെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. മെയ് 24 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 24 മുതൽ 28 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വരുന്ന ഒരാഴ്ച്ച സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]