
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി തുടങ്ങി ഇന്ത്യ. ബന്ദിപോരയില്‍ ലഷ്കക്കര്‍ ഇ തയ്ബ കമാന്‍ഡറെ സൈന്യം വധിച്ചു. പാകിസ്ഥാനികളെ കണ്ടെത്തി നാടുകടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്കി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. 215 പാകിസ്ഥാനി പൗരൻമാർ അട്ടാരി അതിർത്തി വഴി മടങ്ങി. 416 ഇന്ത്യൻ പൗരൻമാർ പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തി. വീസ റദ്ദാക്കാനുള്ള തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണ് മടക്കം.
ബിജ്ബഹേരയിലും ത്രാലിലുമായി രണ്ട് ഭീകരരുടെ വീടുകള്‍ കഴിഞ്ഞ രാത്രി തകര്‍ത്തു. ബന്ദിപ്പോരയിലെ കുല്‍നാര്‍ ബാസിപ്പോരയില്‍ ലഷ്ക്കര്‍ ഇ തയ്ബ ടോപ്പ് കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലിയെ വധിച്ചു. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത പാക് ആര്‍മിക്ക് തക്ക മറുപടി നല്കി. നയതന്ത്ര തലത്തിലെ നടപടികള്‍ക്ക് പിന്നാലെ നീക്കങ്ങള്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുകയാണ്. മുഖ്യമന്ത്രിമാരുമായി സംസാരിച്ച അമിത്ഷാ, എത്രയും വേഗം പാക് പൗരന്മാരെ കണ്ടെത്തി നാടു കടത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ചക്കുള്ളില്‍ നാട് വിടാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
മെഡിക്കല്‍ വിസയുള്ള പാകിസ്ഥാൻകാർക്ക് രണ്ട് ദിവസം കൂടി തുടരാം. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലെ തുടർ നീക്കങ്ങളും വിലയിരുത്തി. പഞ്ചാബ് അതിർത്തിയിൽ പിടികൂടിയ ബിഎസ്എഫ് ജവാന്റെ തുടര്‍ വിവരങ്ങള്‍ ലഭ്യമാക്കാത്തതില്‍ ഇന്ത്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം കൂടുതല്‍ മോശമാകുമ്പോള്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സാഹചര്യം ഇനി വഷളായിക്കൂടെന്ന് യുഎന്‍ വക്താവ് സ്റ്റെഫയിന്‍ ഡ്യുജാറക്ക് പറഞ്ഞു.
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ രണ്ട് പേരുടെ കൂടി രേഖാചിത്രം അന്വേഷണ സംഘം തയ്യാറാക്കി. മൂന്ന് പേരുടെ ചിത്രം നേരത്തെ പുറത്തു വിട്ടിരുന്നു. ജമ്മുകശ്മീരിലെത്തിയ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സാഹചര്യം വിലയിരുത്തി. കശ്മീരിലേക്ക് കൂടുതല്‍ സേനയെ അയച്ചേക്കും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ നിയമസഭ പ്രത്യേകം സമ്മേളിക്കും. കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയേയും, ലഫ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹയേയും കണ്ട് ഭീകരാക്രമണത്തിന്റെ വിശദാംശങ്ങള്‍ രാഹുല്‍ തേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]