
കൽപ്പറ്റ: ഇന്നലെ രാത്രി എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അറുമുഖൻ (71) ന്റെ പോസ്റ്റ്മോർട്ടം നടപടികൾ വൈകും. തമിഴ്നാട്ടിൽ നിന്ന് അറുമുഖന്റെ ബന്ധുക്കൾ എത്തിയതിന് ശേഷമാണ് പോസ്റ്റ്മോർട്ടം നടക്കുക. അറുമുഖൻ വർഷങ്ങളായി എരുമക്കൊല്ലിയിലാണ് താമസിക്കുന്നതെങ്കിലും ബന്ധുക്കളെല്ലാം തമിഴ്നാട്ടിലാണ്.
കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി. ഇവിടെ വെച്ചാണ് അറുമുഖനെ കാട്ടാന ആക്രമിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ അറുമുഖൻ മരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെത്തിച്ചത്. സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരണം വർധിച്ചുവരികയാണ്. നേരത്തേയും എരുമക്കൊല്ലിയിലും മറ്റു ഭാഗങ്ങളിലും കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തെ തുടർന്ന് നാട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. അറുമുഖനെ കൊന്ന കാട്ടാന തന്നെയാണ് നേരത്തെയും ഇവിടെ ആളുകളുടെ ജീവനെടുത്തതെന്നും കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ രാത്രി നാട്ടുകാർ പ്രതിഷേധം നടത്തിയത്. പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അറമുഖന്റെ മരണത്തിൽ നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലും കാട്ടാനയെ പിടികൂടാനുള്ള കാര്യത്തിലും തീരുമാനമാകാതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]