
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് നോട്ടീസ് അയച്ച ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ചുപേർ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണം. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നടന്മാരായ ശ്രീനാഥ് ഭാസി ഷൈൻ ടോം ചാക്കോ എന്നിവർക്ക് പുറമെ ഒരു നിർമാതാവ്, കൊച്ചിയിലെ മോഡൽ ആയ യുവതി, മുൻ ബിഗ് ബോസ് താരം എന്നിവർക്കും എക്സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തസ്ലിമ ഇവരുമായി ലഹരി ഇടപാട് നടത്തിയതിന്റെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും പലതവണ സാമ്പത്തിക ഇടപാട് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഇത് എന്തിനു വേണ്ടിയാണെന്നതിൽ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഒരുമിച്ചും ഒറ്റക്കിരുത്തിയും അന്വേഷണസംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതികൾ പൂർണമായും സഹകരിച്ചില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞെന്നാണ് അന്വേഷണം സംഘം വിലയിരുത്തുന്നത്.
എറണാകുളത്തെ ഇവർ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്റെ ഫ്ലാറ്റിലും എത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി. തസ്ലിമയുടെ പെൺവാണിഭ ഇടപാടുകളെക്കുറിച്ചും സുൽത്താൻ അക്ബർ അലിയുടെ രാജ്യന്തര സ്വർണക്കടത്തിനെ കുറിച്ചും എക്സൈസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതു പൊലീസിന് കൈമാറാനാണ് ആലോചന. ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]