
ദോഹ: ജമ്മു – കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. എല്ലാതരത്തിലുള്ള ആക്രമണവും ഭീകരവാദവും കുറ്റകൃത്യങ്ങളും നിരാകരിക്കുന്നതാണ് ഖത്തറിന്റെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇന്ത്യൻ സർക്കാറിന്റെയും ജനങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായും മന്ത്രാലയം സന്ദേശത്തിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കൈകൊണ്ട നടപടികൾക്കെതിരെ പാകിസ്ഥാനും തിരിച്ചടി പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗ അതിർത്തി അടയ്ക്കും, ഇന്ത്യൻ പൗരന്മാർക്കുള്ള വിസ മരവിപ്പിച്ചു, ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തലാക്കിയെന്നും പാക്കിസ്ഥാൻ അറിയിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷമാണ് ഇന്ത്യയ്ക്കെതിരായ നീക്കം പ്രഖ്യാപിച്ചത്. ഇന്നലെ ഇന്ത്യ, സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് പാകിസ്ഥാനും നടപടികൾ പ്രഖ്യാപിച്ചത്.
അതേസമയം പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കൂടിക്കാഴ്ച നടത്തി. കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രിമാർ രാഷ്ട്രപതിയോട് വിശദീകരിച്ചു. കരസേനാ മേധാവി നാളെ ശ്രീനഗർ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തെത്തുടർന്ന് സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായാണ് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശ്രീനഗർ സന്ദർശിക്കുന്നത്. നേരത്തെ പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്കി. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]