
തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷമായി മോദി നൽകിയ ഉറപ്പുകളെല്ലാം പാഴ്വാക്കുകളായി മാറുന്നതാണ് ചരിത്രമെന്ന് എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മോദി വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിൽ, ഓരോ വീട്ടിലും നൽകുമെന്ന് പറഞ്ഞ പതിനഞ്ച് ലക്ഷം , ഇരട്ടിയാകും എന്ന് പറഞ്ഞ കർഷകരുടെ വേതനം ഇവയെല്ലാം എവിടെ എന്ന് ഖർഗെ ചോദിച്ചു. അഴിമതിക്കാരെല്ലാം ഇന്ന് മോദിക്കൊപ്പമാണ്. നാനൂറിനു മുകളിൽ സീറ്റ് ലഭിക്കും എന്ന് അവകാശപ്പെടുന്ന മോദി പേടിച്ചിട്ടാണോ കോൺഗ്രസിനൊപ്പം നിന്നപ്പോൾ അഴിമതിക്കാരാണ് എന്ന് പറഞ്ഞ പലരെയും ഇന്ന് കൂടെ കൂട്ടിയിരിക്കുന്നത്.
അവരൊക്കെ ഇപ്പോൾ അഴിമതിരഹിതരായോ എന്നും ഖർഗെ കുറ്റപ്പെടുത്തി. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തെ പ്രധാനമന്ത്രി എല്ലാത്തിലും മതം കലർത്തുന്നത് ശരിയല്ല. ഇന്ന് പല നല്ല എഴുത്തുകാരും പത്രപ്രവർത്തകരും ഭയന്നാണ് ഈ ഫാസിസ്റ്റ് ഭരണത്തിനു കീഴിൽ ജീവിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുക തന്നെ ചെയ്യും.
കോൺഗ്രസ് യുവാക്കൾക്കും വനിതകൾക്കും കർഷകർക്കും തൊഴിലാളികൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി മുന്നോട്ട് വെയ്ക്കുന്ന ന്യായ് പദ്ധതി തീർച്ചയായും നടപ്പിലാക്കും. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചത് തന്നെയാണ് കോൺഗ്രസിന്റെ ഉറപ്പ് എന്നും ഖർഗെ പറഞ്ഞു. കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സ്ഥാനാർഥികളായ ഡോ ശശി തരൂരിനും, അടൂർ പ്രകാശിനുമൊപ്പമായിരുന്നു ഖർഗെ മാധ്യമങ്ങളെ കണ്ടത്.
Last Updated Apr 24, 2024, 9:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]