ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത സംരംഭം.
1.78 ബില്യൺ ഡോളറിനാണ്(ഏകദേശം 16,700 കോടി രൂപ)ഇന്ത്യൻ ശതകോടീശ്വരൻ കുമാർ മംഗലം ബിർളയുടെ നേതൃത്വത്തിലുള്ള ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, അമേരിക്കൻ നിക്ഷേപകനായ ഡേവിഡ് ബ്ലിറ്റ്സറുടെ ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക്സ്റ്റോൺ എന്നിവരടങ്ങിയ സഖ്യമാണ് ആർസിബിയെ സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും വില കൂടി ടീമായി ആര്‍സിബി മാറി.
പുരുഷ, വനിതാ ടീമുകൾ ഉള്‍പ്പെടുന്നതാണ് ഇടപാട്. ഇന്നലെ അമേരിക്കൻ വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 1.63 ബില്യൺ ഡോളറിന് (ഏകദേശം 15,300 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കിയതിന്റെ റെക്കോര്‍ഡാണ് തൊട്ടടുത്ത ദിവസം ആര്‍സിബി തകര്‍ത്തത്.
ടീമിനെ സ്വന്തമാക്കിയതോടെ ആര്യമൻ വിക്രം ബിർള (ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടർ) ആര്‍സിബിയുടെ പുതിയ ചെയര്‍മാനായി ചുമതലയേറ്റു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ സത്യൻ ഗജ്വാനി ആണ് വൈസ് ചെയർമാൻ.
യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന ആർസിബിക്കായി വൻകിട കമ്പനികൾ രംഗത്തുണ്ടായിരുന്നു.
രഞ്ജൻ പൈയുടെ നേതൃത്വത്തിലുള്ള സംഘം, പ്രേംജി ഇൻവെസ്റ്റ് തുടങ്ങിയവരും ലേലത്തിൽ പങ്കെടുത്തുവെങ്കിലും ഒടുവിൽ ബിർള-ബ്ലാക്ക്സ്റ്റോൺ സഖ്യം ടീമിനെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഐപിഎൽ ലോകകായിക രംഗത്തെ തന്നെ വൻശക്തിയായി വളർന്നുവെന്ന് ബിര്‍ള ഗ്രൂപ്പ ചെര്‍മാന്‍ കുമാർ മംഗലം ബിർള പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നായ ആർസിബിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഈ പാരമ്പര്യം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ബിര്‍ള വ്യക്തമാക്കി.
ഐപിഎല്ലിലെ നിലവിലെ ചാമ്പ്യൻമാരാണ് ആര്‍സിബി. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി കഴിഞ്ഞ സീസണില്‍ ടീമിന്റെ കന്നിക്കിരീടം നേടിയത്.
കിരീടം നിലനിർത്താൻ ആർസിബി തയ്യാറെടുക്കുന്നതിനിടെയാണ് ഉടമസ്ഥാവകാശത്തില്‍ മാറ്റം വന്നിരിക്കുന്നത്. മുൻ ക്രിക്കറ്റ് താരം കൂടിയായ ആര്യമൻ വിക്രം ബിർള ടീമിന്റെ അമരത്തെത്തുന്നത് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

