
ഞാൻ മാത്രമല്ല, 48 നേതാക്കൾക്കെതിരെ ഹണിട്രാപ് നീക്കം നടന്നു; പൊലീസിൽ പരാതിപ്പെടാതെ മന്ത്രിയും മകനും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ തങ്ങൾക്കെതിരെ നടന്ന ശ്രമങ്ങളെക്കുറിച്ച് ഇനിയും പൊലീസിൽ പരാതിപ്പെടാൻ തയാറാകാതെ സഹകരണ മന്ത്രി കെ.എൻ. രാജണ്ണയും മകനും എംഎൽസിയുമായ രാജേന്ദ്ര രാജണ്ണയും. രാജേന്ദ്ര കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിൽക്കണ്ടും ഇക്കാര്യം ധരിപ്പിച്ചിരുന്നു. തുടർന്ന് ഡിജിപിക്കു പരാതി നൽകാൻ സിദ്ധരാമയ്യ ഉപദേശിച്ചതുമാണ്.
നിയമസഭയിൽ ഒച്ചപ്പാടായ ഹണിട്രാപ് വിഷയം മുഖ്യമന്ത്രിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും തമ്മിലും ചർച്ച ചെയ്തിരുന്നു. അതേസമയം, സാമ്പത്തിക വർഷാവസാനമായതിനാൽ ജോലിത്തിരക്കാണെന്നാണ് പരാതി നൽകാൻ വൈകുന്നതിനു മന്ത്രി നൽകുന്ന വിശദീകരണം. കോലാറിലുള്ള താൻ തിരിച്ചെത്തിയാലുടൻ പൊലീസിൽ പരാതിപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിദ്ധരാമയ്യയിൽനിന്നു മുഖ്യമന്ത്രിക്കസേര പിടിച്ചെടുക്കാനുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നീക്കത്തിന്റെ ഭാഗമാണ് ആരോപണങ്ങളെന്നാണ് ബിജെപിയുടെ നിലപാട്. താൻ മാത്രമല്ല കക്ഷിഭേദമെന്യേ 48 നേതാക്കൾക്കെതിരെയും ഹണിട്രാപ് നീക്കങ്ങൾ നടന്നതായി മന്ത്രി രാജണ്ണ നിയമസഭയിൽ കഴിഞ്ഞദിവസം ആരോപിച്ചതാണ് വലിയ വാഗ്വാദങ്ങൾക്കും ബഹളത്തിനും കളമൊരുക്കിയത്. തുടർന്ന് 18 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തിരുന്നു. അതിനെതിരെ ബെളഗാവിയിൽ നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ പോസ്റ്ററുകൾ നശിപ്പിച്ചതിനു ബിജെപി പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
∙ഹർജി പരിഗണിക്കാൻ സുപ്രീം കോടതി
അതിനിടെ, മന്ത്രിയും നേതാക്കളുമായി ബന്ധപ്പെട്ട ഹണിട്രാപ് ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് സ്വദേശി ബിനയ് കുമാർ സിങ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. മന്ത്രി തന്നെ ഇക്കാര്യം നിയമസഭയെ അറിയിച്ചതിനാൽ അടിയന്തര പ്രാധാന്യം അർഹിക്കുന്നുണ്ടെന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ചിനെ ഹർജിക്കാരൻ ധരിപ്പിക്കുകയായിരുന്നു.