പല്ലെക്കലെ: ടി20 ലോകകപ്പിൽ പാകിസ്ഥാൻ താരം ബാബർ അസമിന് നാണക്കേടിന്റെ റെക്കോർഡ്. ലോകകപ്പ് ചരിത്രത്തിൽ 500ൽ അധികം റൺസ് നേടിയ താരങ്ങളിൽ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് എന്ന മോശം റെക്കോർഡാണ് ബാബറുടെ പേരിലായത്.
ചൊവ്വാഴ്ച പല്ലെക്കലെയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന സൂപ്പർ 8 പോരാട്ടത്തിലെ മെല്ലെപ്പോക്കാണ് ബാബറെ മുട്ടിക്കളിയിൽ ഒന്നാമതെത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ നിർണ്ണായക സൂപ്പര്‍ 8 മത്സരത്തിൽ 24 പന്തുകളിൽ നിന്ന് വെറും 25 റൺസ് മാത്രമാണ് ബാബർ അസമിന് നേടാനായത്.
ജാമി ഓവർട്ടണിന്റെ പന്തിൽ ബൗൾഡായി പുറത്താകുമ്പോൾ രണ്ട് ഫോറുകൾ മാത്രമാണ് ബാബറുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഈ ലോകകപ്പിലെ 6 മത്സരങ്ങളിൽ നിന്ന് വെറും 91 റൺസ് മാത്രമാണ് മുൻ പാക് നായകന്റെ സമ്പാദ്യം.
ടി20 ലോകകപ്പില്‍ 500 റൺസെങ്കിലും തികച്ച ബാറ്റര്‍മാരുടെ പട്ടികയിലാണ് സ്ട്രൈക്ക് റേറ്റില്‍ ബാബർ അസം ഏറ്റവും പിന്നിലായത്: 111.5 മാത്രമാണ് ടി20 ലോകകപ്പിലെ ബാബറിന്റെ പ്രഹരശേഷി. 111.8 സ്ട്രൈക്ക് റേറ്റുണ്ടായിരുന്ന മുന്‍ പാക് താരം മുഹമ്മദ് ഹഫീസാണ് മോശം സ്ട്രൈക്ക് റേറ്റില്‍ ബാബറിന് പിന്നിലുള്ള താരം.
കുമാർ സംഗക്കാര(112.2), കെയ്ൻ വില്യംസൺ(112.5), മുഹമ്മദ് റിസ്വാൻ(113.0) എന്നിവരെയാണ് മുട്ടിക്കളിയില്‍ ബാബര്‍ പിന്നിലാക്കിയത്. ഇംഗ്ലണ്ടിനെതിരെ പവര്‍ പ്ലേയില്‍ ക്യാപ്റ്റൻ സല്മാന് ആഗ പുറത്തായതിന് പിന്നാലെയാണ് ബാബര്‍ ക്രീസിലെത്തിയത്.
ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തി ബാബര്‍ നന്നായി തുടങ്ങി. 6 പന്തില്‍ 10 റണ്‍സെടുത്ത ബാബര്‍ തകര്‍ത്തടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നീട് ഒരു ബൗണ്ടറി പോലും കണ്ടെത്താന്‍ ബാബറിനായില്ല.
ജാമി ഓവര്ടണ് എറിഞ്ഞ പതിനൊന്നാം ഓവറിലെ അവസാന പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ 24 പന്തില്‍ 25 റണ്‍സ് മാത്രമായിരുന്നു ബാബറിന്റെ പേരിലുണ്ടായിരുന്നത്. നേരത്തെ ഓപ്പണറായി ഇറങ്ങിയിരുന്ന ബാബർ ഈ ലോകകപ്പിൽ നാലാം നമ്പരിലും അഞ്ചാം നമ്പരിലുമായിരുന്നു ബാറ്റ് ചെയ്തത്.
ബാറ്റിംഗ് പൊസിഷനിൽ വന്ന മാറ്റം താരത്തിന്റെ പ്രകടനത്തെ ബാധിച്ചതായാണ് വിലയിരുത്തൽ. 135 ടി20 ഇന്നിംഗ്സുകളിൽ നിന്ന് 4571 റൺസ് നേടിയിട്ടുള്ള ബാബറുടെ കരിയറിലെ സ്ട്രൈക്ക് റേറ്റ് 128.18 ആണെങ്കിലും ലോകകപ്പിൽ അത് 111.5-ലേക്ക് താഴ്ന്നത് പാകിസ്ഥാന് വലിയ തലവേദനയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

