
വിവാഹം കഴിഞ്ഞാൽ ഭർത്താവും കുട്ടികളും മാത്രമാണ് ജീവിതമെന്ന് കരുതി ഒതുങ്ങിക്കൂടുന്നവരാണ് പല സ്ത്രീകളും. പുതിയ കാലത്ത് ഇതിൽ മാറ്റങ്ങൾ വന്നുതുടങ്ങിയെങ്കിലും പഴയ രീതികൾ തന്നെ തുടരുന്ന സ്ത്രീകളും ധാരാളമുണ്ട്. മറ്റുള്ളവർ എന്ത് പറയും എന്ന ചിന്തയാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തയാണ് കാസർകോട് സ്വദേശിനി കരീമാ തനസ്. ‘ജീവിക്കാനുള്ള കാശ് ഭർത്താവ് തരില്ലേ, പിന്നെന്തിനാ ഇതൊക്കെ?’ എന്നായിരുന്നു പലരും കരീമയോട് ചോദിച്ചത്. ഇതിനെല്ലാം മറുപടിയെന്നോണം ഇന്ന് പതിനായിരങ്ങൾ വരുമാനം നേടുകയാണ് കരീമ.
വരുമാനം മാത്രമല്ല, മനസിന് സന്തോഷം തരുന്ന കാര്യം ചെയ്യുക എന്നത് ഏത് മനുഷ്യന്റെയും ജീവിതത്തിൽ ആവശ്യമാണെന്നാണ് 24കാരിയായ കരീമ പറയുന്നത്. 18-ാം വയസിൽ വിവാഹിതയായി. അപ്പോഴാണ് കൊവിഡ് മഹാമാരി വ്യാപിക്കുന്നത്. ഒരുപാട് സമയം ലഭിച്ചു. ബോറടി മാറ്റാനായി കുട്ടിക്കാലത്തെ വരയ്ക്കാനുള്ള കഴിവ് പൊടിതട്ടിയെടുത്തു. ധാരാളം ചിത്രങ്ങൾ വരച്ചു. ക്രാഫ്റ്റിനോടും സ്കൂൾ പഠന കാലത്ത് താൽപ്പര്യമുണ്ടായിരുന്നു. എല്ലാം സ്വയം പഠിച്ചതാണ്. അങ്ങനെയാണ് ഗിഫ്റ്റ് ഹാമ്പറുകൾ ഉണ്ടാക്കാൻ പഠിച്ചത്.
ആദ്യ കസ്റ്റമറും പൂർണ്ണ പിന്തുണയും
ചെറിയ രീതിയിൽ ഗിഫ്റ്റ് ഹാമ്പറുകൾ ഉണ്ടാക്കിയിരുന്ന കരീമയുടെ കഴിവിനെ ഒരു ബിസിനസാക്കാൻ പ്രോത്സാഹിപ്പിച്ചത് പ്രവാസിയായ ഭർത്താവ് മുബഷീറും സഹോദരീ ഭർത്താവുമാണ്. ആദ്യത്തെ ഓർഡർ നൽകിയതും ഇവരാണ്. ഭർത്താവിന്റെ കുടുംബവും സ്വന്തം കുടുംബവും ഒരുപോലെ കരീമയെ പിന്തുണച്ചു.
‘വിംഗ്സ് ഓഫ് കാസർകോട്’ എന്ന ഒരു ഓൺലൈൻ കമ്മ്യൂണിറ്റിയിലെ അംഗത്തെ കണ്ടതാണ് കരീമയുടെ ബിസിനസ് ജീവിതം മാറ്റിമറിച്ചത്. ഇതോടെ ഇൻസ്റ്റഗ്രാമും വാട്സാപ്പും വഴി നിരവധി ഓർഡറുകൾ ലഭിക്കാൻ തുടങ്ങി. ഒരുപാട് സ്ത്രീ സംരംഭകരെ കരീമ പരിചയപ്പെട്ടു.
പ്രതിസന്ധികൾ
ജിവിതത്തിലും ബിസിനസിലും പ്രതിസന്ധികൾ നേരിടേണ്ടതായി വന്നെങ്കിലും കരീമ അതിലൊന്നും വിട്ടുകൊടുത്തില്ല. മണിക്കൂറുകൾ എടുത്ത് വരയ്ക്കുന്ന ചിത്രങ്ങൾക്ക് വെറും 100 രൂപ പറഞ്ഞിട്ട് പോലും നൽകാൻ തയ്യാറാകാത്തവരുണ്ടായിരുന്നു. ‘ഒരു പെൻസിലും പേപ്പറും ഉണ്ടെങ്കിൽ ഇത് വരയ്ക്കാല്ലോ പിന്നെന്തിനാ ഇത്രയും പൈസ’ എന്ന് ചോദിച്ചവരുണ്ട്. ഗിഫ്റ്റ് ഹാമ്പറുകൾ അയച്ചശേഷം പണം നൽകാത്തവരുമുണ്ട്. ഇങ്ങനെയുള്ള അബദ്ധങ്ങൾ സംഭവിച്ചതിനാൽ ഇപ്പോൾ അഡ്വാൻസായി പണം വാങ്ങിയ ശേഷമാണ് വർക്കുകൾ എടുക്കുന്നത്. അനുഭവങ്ങൾ തനിക്ക് പഴയതിനെക്കാൾ ആത്മവിശ്വാസം നൽകിയെന്നാണ് കരീമ പറയുന്നത്.
രണ്ട് വർഷം മുമ്പ് ഗർഭിണിയായിരുന്ന സമയത്ത് വർക്ക് പൂർണമായും അവസാനിപ്പിച്ചിരുന്നു. എന്നാൽ, കാത്തിരിപ്പിനൊടുവിൽ ആദ്യത്തെ കുഞ്ഞിനെ ജീവനോടെ കാണാൻ കരീമയ്ക്കായില്ല. ആദ്യ കൺമണിയുടെ മരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പിന്നീട് മാസങ്ങളെടുത്തു പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താൻ. വീണ്ടും വർക്കെടുക്കാൻ തുടങ്ങിയിട്ട് ഒരു വർഷമാകുന്നു. ഇപ്പോൾ ഒരു വയസായ മകൻ റയാനുണ്ട്.
വർക്കുകൾ
വിവിധ തരം ഗിഫ്റ്റ് ഹാമ്പറുകൾ, നിക്കാഹ് നമ, കാലിഗ്രഫി, ഖുർആൻ, പ്രയർ മാറ്റ്, റമദാൻ ഹാമ്പറുകൾ, ഫ്രെയിമുകൾ തുടങ്ങിയവയാണ് കരീമ ചെയ്യുന്നത്. മാത്രമല്ല, ആവശ്യക്കാർ പറയുന്നതിനനുസരിച്ചുള്ള കസ്റ്റമൈസ്ഡ് വർക്കുകളും എടുക്കുന്നതാണ്. റമദാൻ മാസമായതിനാൽ ഇപ്പോൾ ഖുർആൻ, പ്രയർ മാറ്റ്, റമദാൻ ഹാമ്പറുകൾ എന്നിവയ്ക്കാണ് ആവശ്യക്കാരേറെയും.
500 രൂപ മുതലാണ് വർക്കുകൾ ചെയ്തുകൊടുക്കുന്നത്. കാസർകോട് ജില്ലയിൽ തന്നെയാണെങ്കിൽ 300 രൂപ മുതൽ നൽകും. നിലവിൽ കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും കരീമ തനസ് ഗിഫ്റ്റുകൾ അയച്ചിട്ടുണ്ട്. മറ്റുള്ളവർ അവരുടെ വേണ്ടെപ്പെട്ടവർക്കായി അയയ്ക്കുന്ന സമ്മാനങ്ങളെല്ലാം അത്രയും കരുതലോടെയാണ് ചെയ്യുന്നതെന്ന് കരീമ പറയുന്നു. @thanu_mubu എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വീട്ടമ്മമാരോട് പറയാനുള്ളത്
മനസിൽ ഉറച്ച ആഗ്രഹമുണ്ടെങ്കിൽ എല്ലാം നടക്കും. കയ്യിൽ പണമില്ലെന്ന് കരുതി വിഷമിക്കരുത്. കുറച്ച് കാശിന് സാധനങ്ങൾ വാങ്ങിയാണ് ആദ്യത്തെ വർക്ക് ചെയ്തത്. ആദ്യമേ ഒരുപാട് പണം ഇൻവെസ്റ്റ് ചെയ്യാതെ അൽപ്പം സമയമെടുത്ത് മാത്രം ഓരോന്നും ചെയ്യുക. വിജയം ഉറപ്പാണ്.