
പ്രയാഗ് രാജ്: മഹാകുംഭ മേളയിൽ സ്ത്രീകൾ സ്നാനം ചെയ്യുന്നതിന്റെ വീഡിയോ അശ്ലീലകരമായ രീതിയിൽ ചിത്രീകരിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. തെറ്റായ ഉള്ളടക്കം പ്രചരിപ്പിച്ച അക്കൗണ്ടുകൾ ഉൾപ്പടെ 140 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 13 എഫ്ഐആർ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തെന്ന് ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു.
മഹാകുംഭ മേള കണക്കിലെടുത്ത് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊലീസ് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ത്രിവേണീ സംഗമത്തിൽ സ്ത്രീ തീർത്ഥാടകർ കുളിക്കുന്നതിന്റെ അനുചിതമായ വീഡിയോകൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം വീഡിയോകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് പൊലീസ് സൈബർ വിഭാഗം കടക്കുന്നുണ്ട്.
സ്ത്രീകൾ കുളിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെയും വിൽപന നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് പൊലീസ് മേധാവി പ്രശാന്ത് കുമാർ പറഞ്ഞു. 2019ൽ അലഹബാദ് ഹൈക്കോടതി കുംഭമേളയിലെ സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നത് നിരോധിച്ചിരുന്നു. സ്ത്രീകൾ കുളിക്കുന്നതിന്റെയോ പുണ്യസ്നാനം ചെയ്യുന്നതിന്റെയോ ചിത്രങ്ങൾ പങ്കിടരുതെന്ന് കോടതി വിധിയിൽ പറഞ്ഞിരുന്നു. ഉത്തരവ് ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ നിയമം അച്ചടി മാദ്ധ്യമങ്ങൾക്കും ദൃശ്യ മാദ്ധ്യമങ്ങൾക്കും ഒരുപോലെ ബാധകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]