
ലണ്ടൻ: സ്വന്തം തൊലി ഇലാസ്റ്റിക് പോലെ വലിച്ചുനീട്ടുന്ന ഈ മനുഷ്യന്റെ പേരാണ് ഗാരി ടർണർ. ലോകത്ത് പല തരത്തിലുള്ള റെക്കോർഡുകൾ കാലക്രമേണ പലരും തകർത്തിട്ടുണ്ടെങ്കിലും ഗാരിയുടെ പേരിലുള്ള വിചിത്രമായ ഗിന്നസ് റെക്കോഡ് മറികടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ വലിച്ചു നീട്ടാവുന്ന ത്വക്കോട് കൂടിയ മനുഷ്യൻ എന്ന റെക്കോഡാണ് ഗാരി ടർണറിന്റെ പേരിലുള്ളത്. തൊലി 15.8 സെന്റീമീറ്റർ വരെ നീളത്തിൽ വലിച്ചുനീട്ടിയാണ് ഗാരി ഏവരെയും ഞെട്ടിച്ചത്. ശരിക്കും ഇഹ്ലേഴ്സ് ഡാൻലോസ് സിൻഡ്രോം എന്ന ജനിതക രോഗമാണ് ഗാരിയുടെ ഇലാസ്റ്റിക് ത്വക്കിന് പിന്നിലെ രഹസ്യം. കണക്ടീവ് ടിഷ്യുകളിലെ തകരാറ് കാരണം ത്വക്ക്, ആന്തരികാവയവങ്ങൾ, പേശികൾ എന്നിവയെയാണ് ഈ അവസ്ഥ ബാധിക്കുന്നത്. കുട്ടിയായിരിക്കെയാണ് തനിക്ക് ഇങ്ങനെയൊരു പ്രത്യേകതയുണ്ടെന്ന് ഗാരി തിരിച്ചറിയുന്നത്. തൊലി വലിച്ചു നീട്ടുമ്പോൾ ഗാരിയ്ക്ക് വേദന അനുഭവപ്പെടുകയില്ല. അതേ സമയം, ഗാരിയുടെ കൈപ്പത്തിയിലേയും കാൽപ്പത്തിയിലേയും തൊലി വലിച്ചുനീട്ടാനാകില്ല. കഴുത്തിൽ നിന്നും കൺപോളകളിൽ നിന്നും ഗാരി തൊലി വലിച്ചുനീട്ടുന്നത് കണ്ടാൽ ശരിക്കും കാണുന്നവർ ഭയപ്പെട്ടു പോകും. 1999ലാണ് ഗാരി ഗിന്നസ് റെക്കോഡ് നേടിയത്. രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗാരിയുടെ പേരിൽ തന്നെ ഈ റെക്കോഡ് തുടരുകയാണ്. ‘ ദ ഇലാസ്റ്റിക് മാൻ ” എന്നാണ് ഗാരി അറിയപ്പെടുന്നത്. 54 കാരനായ ഗാരി യു.കെ സ്വദേശിയാണ്.