
ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയ്ക്കൊപ്പം ന്യൂസിലാൻഡും സെമിയിൽ
റാവൽപിണ്ടി: ഒരുവെടിക്ക് രണ്ട് പക്ഷി… ന്യൂസിലാൻഡ് ഇന്നലെ നേടിയ ജയത്തോടെ
ബംഗ്ലാദേശും ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ പാകിസ്ഥാനും ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി. ഗ്രൂപ്പ് എയിൽ അവസാന റൗണ്ട് മത്സരങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയ്ക്കൊപ്പം ന്യൂസിലാൻഡും സെമി ഫൈനൽ ഉറപ്പിച്ചു. ഇന്നലത്തെ ജയത്തോടെ ഇന്ത്യയെപ്പോലെ ന്യൂസിലാൻഡിനും രണ്ട് ജയങ്ങളായി. ബംഗ്ലാദേശിനും പാകിസ്ഥാനും ഒരു മത്സരം കൂടിശേഷിക്കെ ഒരുജയം പോലുമില്ല.
ഫൈവ് സ്റ്റാർ കിവീസ്
ഇന്നലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 5 വിക്കറ്റിന് കീഴടക്കിയാണ് ന്യൂസിലാൻഡ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 236 റൺസാണ്. മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് രചിൻ രവീന്ദ്രയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ 46.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (240/5).
പാകിസ്ഥാനെതിരായ ത്രിരാഷ്ട്ര ടൂർണമെന്റിലെ മത്സത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഉൾപ്പെടെ പുറത്തിരിക്കേണ്ടി വന്ന രചിൻ തകർപ്പൻ സെഞ്ച്വറിയുമായി തിരിച്ചുവരവ് ഗംഭീരമാക്കി. 105 പന്തിൽ 12 ഫോറും 1 സിക്സും ഉൾപ്പടെ 112 റൺസ് നേടിയാണ് രചിൻ കിവീസിന്റെ ചേസിംഗിലെ മുന്നണിപ്പോരാളയായത്. രചിനൊപ്പം ടോം ലതാമും (55) അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. പാകിസ്ഥാനെതിരെ സെഞ്ച്വറി നേടയരുന്ന ലതാം നിലവിൽ ഈ ചാമ്പ്യൻസ് ട്രോഫിയിെ ടോപ് സ്കോററാണ്. ഡെവോൺ കോൺവേയും (30), ഗ്ലെൻ ഫിലിപ്പ്സും (പുറത്താകാതെ 21) നിർണായക സംഭാവന നൽകി.
അക്കൗണ്ട് തുറക്കും മുൻപെ ന്യൂസിലാൻഡിന് ഓപ്പണർ വിൽ യംഗിനെ നഷ്ടമായിരുന്നു. കേൻ വില്യംസണും (5) നിരാശപ്പെടുത്തി. എന്നാൽ നാലാം വിക്കറ്റിൽ ജഡേജയും ലതാമും 129 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി കവീസിന്റെ ജയമുറപ്പച്ചു.
ബംഗ്ലാദേശിനായി ടസ്കിനും നഹീദും മുസ്തഫിസുറും റിഷാദും ഓരോവിക്കറ്റ് വീതം വീഴ്ത്തി. ക്യാച്ചുകൾ കൈവിട്ടതുൾപ്പെടെ ഫീൽഡിംഗിൽ വരുത്തിയ പിഴവുകൾക്ക് ബംഗ്ലാദേശ് വലിയ വിലകൊടുക്കേണ്ടി വന്നു. രചിനെ പുറത്താക്കാൻ റണ്ണൗട്ട് ഉൾപ്പെടെ മൂന്ന് ചാൻസുകൾ കിട്ടിയെങ്കിലും അവർക്ക് മുതലാക്കാനായില്ല.
ക്യാപ്ടൻ ഷാന്റോയുടെ (77) അർദ്ധ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ 236ൽ എത്തിച്ചത്. ജാകർ അലി (45), തൻസിദ് (24), റാഷിദ് ഹൊസൈൻ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ന്യൂസിലാൻഡിനായി ബ്രെയ്സ്വെൽ 4 വിക്കറ്റ് വീഴ്ത്തി.
4- ഐ.സി.സി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി രചിൻ രവീന്ദ്ര. ഇന്നലത്തേത് രചിന്റെ ഐ.സി.സി ടൂർണമെന്റുകളിലെ നാലാം സെഞ്ച്വറി.
ഏകദിന ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫയിലും അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യതാരമായി രചിൻ രവീന്ദ്ര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]