
എമ്പുരാനിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്ന പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. പ്രിയദർശിനി രാംദാസ് മുമ്പത്തെക്കാൾ ശക്തയാണെന്ന് പോസ്റ്രർ അടയാളപ്പെടുത്തുന്നു. പുതുവർഷത്തിൽ ആദ്യ മഞ്ജു വാര്യർ കഥാപാത്രം കൂടിയാണ് പ്രിയദർശിനി രാംദാസ്. എമ്പുരാന്റെ ഭാഗമാകാൻ കഴിഞ്ഞതിലും പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെക്കുറിച്ചും മഞ്ജു വാര്യർ സന്തോഷം പ്രകടിപ്പിച്ചു.
‘ലാലേട്ടനൊപ്പം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും എനിക്ക് പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നൽകി. എന്റെ അവിസ്മരണീയമായ ചില വേഷങ്ങൾ നോക്കിയാൽ, അവയിൽ പലതും ലാലേട്ടനൊപ്പം ചെയ്ത സിനിമകൾ ആയിരിക്കും.” മഞ്ജു വാര്യർ പറഞ്ഞു. ലൂസിഫറിൽ അഭിനയിച്ച ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, ഇന്ദ്രജിത്ത് എന്നിവരുടെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങി. അബ്രാം ഖുറേഷിയായി മോഹൻലാലിന്റെയും സായിദ് മസൂദ് ആയി പൃഥിരാജിന്റെയും ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങുന്നതിന് ഉറ്റുനോക്കുകയാണ് ആരാധകർ. ലൂസിഫറിന്റെ സ്വീക്വൽ ആയി പുറത്തിറങ്ങുന്ന എമ്പുരാൻ മാർച്ച് 27ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ആശിർവാദ് സിനിമാസിന്റെയും രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആണ് നിർമ്മാണം.