

First Published Feb 24, 2024, 9:29 PM IST
സെലിബ്രിറ്റികളുടെ ജീവിതം നമ്മള് സാധാരണക്കാര്‍ എന്ന് വിശേഷിപ്പിക്കുന്നവരുടെ ജീവിതം പോലെ അല്ല എന്ന് എപ്പോഴും പറഞ്ഞുകേള്‍ക്കാറില്ലേ? ഇതൊരു പരിധി വരെ ശരി തന്നെയാണ്. സെലിബ്രിറ്റികളാകുമ്പോള്‍ അവര്‍ക്ക് സാമ്പത്തിക പ്രയാസങ്ങള്‍ കുറവായിരിക്കും, അതുപോലെ പ്രശസ്തിയുണ്ട്, അതിന്റെ അധികാരവും അവകാശങ്ങളും കാണുമായിരിക്കും.
എങ്കിലും മനുഷ്യന്റെ അടിസ്ഥാനപരമായ കാര്യങ്ങളിലേക്ക് വരുമ്പോള്‍ സെലിബ്രിറ്റിയെന്നോ സാധാരണക്കാര്‍ എന്നോ വേര്‍തിരിവ് കാണിക്കേണ്ട കാര്യമില്ല. കാരണം ഏറ്റവും താഴെത്തട്ടില്‍ മനുഷ്യരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ഒരുപോലെയാണെന്നതാണ് സത്യം.
ഭക്ഷണം, ഉറക്കം, വിശ്രമം, വ്യായാമം അതല്ലെങ്കില്‍ ദുഖം, നിരാശ ഇങ്ങനെ പലതും ഇക്കൂട്ടത്തില്‍ നമുക്ക് ചേര്‍ത്ത് പറയാനാകും. ഇപ്പോഴിതാ ഇത്തരത്തില്‍ അമിതാഭ് ബച്ചന്റെ ചെറുമകനും യുവനടനുമായ അഗസ്ത്യ നന്ദയുടെ ഒരു തുറന്നുപറച്ചിലാണ് ഏറെ ശ്രദ്ധ നേടുന്നത്.
താൻ വളരെയധികം ‘ആംഗ്സൈറ്റി’ (ഉത്കണ്ഠ) അനുഭവിച്ചിട്ടുള്ളയാളാണെന്നും, അത് തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമാണെന്നുമാണ് അഗസ്ത്യ നന്ദ തുറന്നുപറയുന്നത്. തന്റെ സഹോദരി നവ്യ നവേലിയുടെ പോഡ്കാസ്റ്റിലൂടെ നവ്യക്കും അമ്മ ശ്വേതയ്ക്കും അമ്മൂമ്മ ജയ ബച്ചനുമൊപ്പമിരുന്ന് സംസാരിക്കവേ ആണ് അഗസ്ത്യ നന്ദ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിരിക്കുന്നത്.
‘ഞാൻ ഭയങ്കര ആങ്ഷ്യസ് ആയൊരാളായിരുന്നു. ശരിക്കും ഏറ്റവും മോശമായ അവസ്ഥയായിരുന്നു അത്. ഒരുപാട് അനുഭവിച്ചു എന്ന് പറയാം. എന്റെ ജനറേഷൻ തന്നെ അങ്ങനെയാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഞങ്ങള്‍ക്ക് എല്ലാം പെട്ടെന്ന് കിട്ടണം. ഞങ്ങളത് ശീലിച്ചു. അതിനാല്‍ ഞങ്ങള്‍ക്ക് ക്ഷമയും കാണില്ല, അതുപോലെ തന്നെ വിശ്വാസവും കാണില്ല. കാര്യങ്ങളെല്ലാം ശരിയാകും എന്ന് തോന്നുകയേ ഇല്ല…’- അഗസ്ത്യ നന്ദ പറയുന്നു.
പിന്നീട് താൻ ദൈവത്തിലും ആത്മീയതയിലും അഭയം കണ്ടെത്തിയതിനെ കുറിച്ചും അഗസ്ത്യ സംസാരിക്കുന്നുണ്ട്. നമ്മുടെ നിയന്ത്രണത്തിന് അപ്പുറത്തുള്ള എന്തിലോ, അത് ദൈവം ആയാലും മറ്റ് എനര്‍ജി ആയാലും – വിശ്വസിക്കുന്നത് ഒരാശ്വാസമായിട്ടാണ് മനസിലാക്കുന്നതെന്ന് അഗസ്ത്യ പറയുന്നു.
നെറ്റ്ഫ്ളിക്സ് സിനിമയായ ‘ദ ആര്‍ച്ചീസ്’ലൂടെയാണ് അഗസ്ത്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. സോയ അക്തര്‍ സംവിധാനം ചെയ്ത സിനിമയില്‍ താരപുത്രിമാരായ സുഹാന ഖാൻ, ഖുഷി കപൂര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.
മുമ്പ് ബോളിവുഡില്‍ നിന്ന് തന്നെ ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, ഐറ ഖാൻ എന്നിങ്ങനെ പല പ്രമുഖരും മാനസികാരോഗ്യപ്രശ്നങ്ങളെ കുറിച്ച് വെട്ടിത്തുറന്ന് സംസാരിക്കുകയും ഇവയെ കുറിച്ചെല്ലാം അവബോധം സൃഷ്ടിക്കുന്നതില്‍ പങ്കാളികളാവുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Feb 24, 2024, 9:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]