
1:34 PM IST:
തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ചെന്നൈയിൽ യുവാവിനെ ബന്ധു വെട്ടിക്കൊന്നു. പള്ളിക്കരണൈ അംബേദ്കർ സ്ട്രീറ്റിലെ പ്രവീൺ ആണ് കൊല്ലപ്പെട്ടത്. പ്രബലജാതിയിലെ യുവതിയെ വിവാഹം ചെയ്ത പ്രവീണിനെ ഭാര്യാസഹോദരൻ ദിനേഷും സുഹൃത്തുക്കളുമാണ് വെട്ടിക്കൊന്നത്.
1:33 PM IST:
മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത. അതേക്കുറിച്ച് പറയേണ്ടത് ലീഗാണ്. അവർക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം. പൊന്നാനിയിൽ കെ എസ് ഹംസയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെടില്ല. സമസ്ത സ്ഥാനാർത്ഥികളെ നിർത്താറില്ലെന്നും സമസ്തയിലുള്ളവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
1:33 PM IST:
പണ്ടാര അടുപ്പിലേക്ക് തീ പകര്ന്നതോടെ ഒരുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. ശ്രികോവിലിൽ നിന്നും കൊളുത്തിയ ദീപത്തിൽ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതിന് പിന്നാലെ ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാലയിടുകയാണ് വിശ്വാസികൾ. ഇനി പൊങ്കാലക്കലങ്ങൾ തിളച്ച് മറിയാനുളള കാത്തിരിപ്പാണ്. ഉച്ചയ്ക്ക് 2. 30 തിനാണ് നിവേദ്യം. പൊങ്കാല ദിനം വിശ്വാസികളുടെ തിരക്കിലാണ് തിരുവനന്തപുരം നഗരമുടനീളം. രാവിലെ ചെറിയതോതിൽ ചാറ്റൽമഴയുണ്ടായെങ്കിലും മഴ തടസമായില്ല.
6:31 AM IST:
ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ മുസ്ലീം ലീഗ് ഉറച്ചുനിൽക്കെ കോൺഗ്രസ് ലീഗ് ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. രാവിലെ പത്തിന് എറണാകുളം ഗസ്റ്റ് ഹൗസിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതിശൻ , യുഡിഎഫ് കൺവീനർ എം എം ഹസൻ, എന്നിവർ പങ്കെടുക്കും. ലീഗിനായി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ തുടങ്ങിയവരാണ് എത്തുന്നത്.
6:30 AM IST:
മലപ്പുറം എടവണ്ണപ്പാറയിലെ 17കാരിയുടെ ദുരൂഹ മരണത്തിൽ പോലീസ് ഇന്ന് കൂടുതൽ ആളുകളുടെ മൊഴിയെടുക്കും. പെൺകുട്ടിയുടെ ചില അധ്യാപകർ പരസ്യ പ്രതികരണമായി വന്ന സാഹചര്യത്തിൽ ഇവരിൽ നിന്ന് ഉൾപ്പെടെ പോലീസ് വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. നിലവിൽ കരാട്ടെ അധ്യാപകൻ സിദ്ദിഖ് അലിക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തൻ ഉള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാൾ പരിശീലനം നൽകിയ മറ്റു പല സ്കൂളുകളിലെയും വിശദാംശങ്ങൾ പൊലീസ തേടുന്നുണ്ട്. കൂടുതൽ വിദ്യാർത്ഥികൾ ഇയാൾക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്
6:29 AM IST:
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ഇന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കെടുക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സമാജ്വാദി പാർട്ടി സീറ്റ് ധാരണ ഉണ്ടെങ്കിൽ യാത്രയിൽ ഉണ്ടാകും എന്നതായിരുന്നു അഖിലേഷിൻ്റെ പ്രഖ്യാപനം. ന്യായ് യാത്ര ആഗ്രയിൽ എത്തുമ്പോഴാണ് അഖിലേഷ് യാദവ് പങ്കെടുക്കുക. നിലവിൽ യുപിയിലെ 17 സീറ്റ് കോൺഗ്രസിനും 63 സീറ്റ് എസ്പിക്കും എന്ന ധാരണ ഇരു പാർട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പ്രിയങ്ക ഗാന്ധിയും ആദ്യമായി രാഹുലിൻ്റെ യാത്രയിൽ ഭാഗമായിരുന്നു. ആഗ്രക്ക് പിന്നാലെ വൈകിട്ടോടെ ഭാരത് ജോഡോ ന്യായ് യാത്ര രാജസ്ഥാൻ അതിർത്തി കടക്കും
6:29 AM IST:
ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം. പൊങ്കാല അർപ്പിക്കാനെത്തിയവരുടെ തിരക്കിലാണ് പുലർച്ചെ തന്നെ തിരുവനന്തപുരം നഗരം. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഭക്തരുടെ തിരക്കാണ് നഗരം.