
ജിദ്ദ- മാനവരാശിക്ക് വിമോചനത്തിൻ്റെ പാതയൊരുക്കുന്ന ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആനിൻ്റെ അർത്ഥഗർഭമായ പഠനം ലക്ഷ്യം വച്ച് കൊണ്ട് റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ലേൺ ദ ഖുർആൻ’ പാഠ്യപദ്ധതിയുടെ ഏഴാംഘട്ട സിലബസ് പ്രകാശനവും പഠിതാക്കളുടെ കുടുംബ സംഗമവും ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജിദ്ദ ഇൻഡസ്ട്രിയൽ സിറ്റി ദഅവ സെൻ്റർ പ്രോഗ്രാം കോർഡിനേറ്ററായ ശൈഖ് അബ്ദുൽ അസീസ് ഇദ്രീസ് വിശുദ്ധ ഖുർആനിന്റെ 7ാം ഘട്ട സിലബസ് ഉൾകൊള്ളുന്ന കോപ്പി ഒ.ഐ.സി.സി. വെസ്റ്റോൺ റീജിയൺ ഉപാദ്ധ്യക്ഷൻ ശ്രീ. രാധാകൃഷ്ണൻ കണ്ണൂരിന് നൽകി കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.
സ്വാർത്ഥ താൽപര്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം ആയുധമാക്കുകയും അതുവഴി മനുഷ്യമനസ്സുകളെ വർഗീയമായി വേർതിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വർത്തമാനകാല സാമൂഹിക സാഹചര്യത്തിൽ ലോകർക്കാകമാനം അവതരിപ്പിച്ച വിശുദ്ധ ഖുർആനിനെ പോലെയുള്ള മഹത് ഗ്രന്ഥങ്ങൾ നമ്മോട് സൂചിപ്പിക്കുന്ന സ്നേഹത്തിൻറെ സന്ദേശം മുഴുവൻ ആളുകളിലേക്കും എത്തിക്കേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കുകയും അതിനുവേണ്ടി പഠന ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻ്ററിൻ്റെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്ന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ച രാധാകൃഷ്ണൻ കണ്ണൂർ പറഞ്ഞു.
ധാർമികതയിലധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് ആവശ്യമായ എല്ലാ നിയമ നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്ന ദിവ്യ ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. മനുഷ്യരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഈ മഹത്ഗ്രന്ഥം നൽകുന്നുണ്ട്. ഖുർആൻ പഠിതാക്കൾ വേദഗ്രന്ഥത്തിന്റെ ആശയം പഠിക്കുകയും പകർത്തുകയും അതിന്റെ പ്രയോക്താക്കളായി മാറുന്നതോടൊപ്പം ആ ഗ്രന്ഥത്തിൻറെ ദിവ്യ വെളിച്ചം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ ശ്രമിക്കുകയും വേണം. അത്തരത്തിൽ വർത്തിക്കുന്ന ആളുകളെ പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് സ്രഷ്ടാവിന്റെ ആളുകൾ ആയിട്ടാണ്. കേവലമായ പാരായണത്തിൽ ഒതുക്കാതെ അതിലെ വചനങ്ങളുടെ അന്തസത്ത മനസ്സിലാക്കിക്കൊണ്ട് ഖുർആനിക വചനങ്ങളുടെ ജീവിക്കുന്ന പതിപ്പുകളായി തീരുവാൻ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശിഹാബ് സലഫി എടക്കര അഭിപ്രായപ്പെട്ടു.
തുടർന്ന് പഠിതാക്കളുടെ വ്യത്യസ്ത പരിപാടികൾ അരങ്ങേറി.സുബൈർ പന്നിപ്പാറ,അബ്ദുൽ റഊഫ് കോട്ടക്കൽ എന്നിവർ ഖുർആൻ പാരായണം നടത്തി.വ്യക്തിജീവിതം ശുദ്ധീകരിക്കുന്നതിനും കുടുംബത്തിലും സമൂഹത്തിലും നല്ല വ്യക്തിത്വം നിലനിർത്തുന്നതിനും ഭൗതിക വ്യവഹാരങ്ങളിൽ പരമാവധി സൂക്ഷ്മത പുലർത്തുന്നതിനും ഖുർആൻ പഠനം തങ്ങളെ സഹായിച്ചതായി ഖുർആൻ പഠന ക്ലാസുകളിലെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് പഠിതാക്കളായ അഖിൽ റാഷിദ്, ബഷീർ മുക്കം,ശാഫി ആലുവ, മുഹമ്മദ് അഷ്റഫ് കൽപ്പാലത്തിങ്ങൽ, ഷാജി ആലങ്ങാടൻ, ഷാഹിദ, ഷരീജ, ഹസനത്ത് എന്നിവർ സംസാരിച്ചു. ആഷിക് മഞ്ചേരി, സുബൈർ പന്നിപ്പാറ, ഹുസൈൻ തൈക്കാട്ട് എന്നീ പഠിതാക്കൾ ഇസ്ലാമിക ഗാനങ്ങളാലപിച്ചു.
അബ്ദുറഹ്മാൻ വളപുരത്തിൻ്റെയും ഇബ്രാഹിം സ്വലാഹിയുടെയും നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട ക്വിസ് പ്രോഗ്രാം സദസ്സിൻ്റെ പൂർണ്ണ പങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയാക്കി. പുരുഷന്മാരിൽ ഷിജു ഹാഫിസ് ,അബ്ദുൽ റഊഫ് കോട്ടക്കൽ എന്നിവരും സ്ത്രീകളിൽ മുഹ്സിന അബ്ദുൽ ഹമീദും ക്വിസ് മത്സരത്തിൽ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഏഴാം ഘട്ട പാഠ്യപദ്ധതിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന പരീക്ഷയെ കുറിച്ചുമുള്ള ഹ്രസ്വ വിവരണം ലേൺ ദ ഖുർആൻ കൺവീനർ നയിം മോങ്ങം വിശദീകരിച്ചു.
റെന ഫാത്തിമ,ആയിഷ അഷ്റഫ്, റിൻഷ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. പങ്കെടുത്ത എല്ലാ കുരുന്നുകൾക്കും അഷ്റഫ് ഏലംകുളം,അബ്ബാസ് ചെമ്പൻ,ശിഹാബ് സലഫി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ജിദ്ദയിലെ മുഴുവൻ പഠിതാക്കളേയും അവരുടെ കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ജിദ്ദ ഏരിയ സംഗമം മെയ് 10 ന് ജിദ്ദയിൽ വച്ച് വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു. പ്രസ്തുത സംഗമത്തിൽ നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടർ എം.എം.അക്ബർ പങ്കെടുക്കും.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉപാധ്യക്ഷൻ നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ശാഫി മജീദ് നന്ദിയും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]