
ദില്ലി: ചോദ്യ പേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് ഫെബ്രുവരി 17, 18 തീയതികളിൽ ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ സർക്കാർ നടത്തിയ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെൻ്റ് പരീക്ഷ റദ്ദാക്കി. അടുത്ത ആറ് മാസത്തിനുള്ളിൽ പുനഃപരീക്ഷ നടത്തുമെന്നും ഉദ്യോഗാർഥികളെ ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (യുപിഎസ്ആർടിസി) ബസുകളിൽ സൗജന്യമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുമെന്നും സർക്കാർ അറിയിച്ചു. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കും.
രണ്ട് ഷിഫ്റ്റുകളിലായാണ് റിക്രൂട്ട്മെൻ്റ് പരീക്ഷ നടന്നത്. 48 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ അപേക്ഷിക്കുകയും 43 ലക്ഷം പേർ പരീക്ഷ എഴുതുകയും ചെയ്തു. എന്നാൽ, പരീക്ഷക്ക് പിന്നാലെ, സോഷ്യൽ മീഡിയയിൽ പേപ്പർ ചോർന്നെന്ന ആരോപണം ഉയർന്നു. 50,000 മുതൽ 2 ലക്ഷം രൂപ വരെ വിലയിൽ ചോദ്യപേപ്പർ ലഭ്യമായിരുന്നെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. പരീക്ഷ ആരംഭിക്കുന്നതിന് 8-12 മണിക്കൂർ മുമ്പ് പല ഉദ്യോഗാർഥികൾക്കും ചോദ്യപേപ്പർ ലഭിച്ചിരുന്നെന്നും ആരോപണമുയർന്നു. പരീക്ഷക്ക് മുമ്പേ ചോദ്യപേപ്പർ ചോർന്നത് ചിലർ സോഷ്യൽമീഡിയയിൽ തെളിവ് സഹിതം പോസ്റ്റ് ചെയ്തു. ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ യുപി പോലീസ് റിക്രൂട്ട്മെൻ്റ് ആൻഡ് പ്രമോഷൻ ബോർഡ് തിങ്കളാഴ്ച ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, 2024-ലെ യുപി പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെൻ്റ് പരീക്ഷ എഴുതിയ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ വെള്ളിയാഴ്ച ലഖ്നൗവിലെ ഇക്കോ ഗാർഡനിൽ ഒത്തുകൂടി, പുനഃപരീക്ഷ ആവശ്യപ്പെട്ട് വൻ പ്രതിഷേധം നടത്തി. പരീക്ഷ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായ ചോദ്യപേപ്പറാണ് പരീക്ഷയുടെ പവിത്രതയെ ഹനിച്ചതെന്ന് അവർ അവകാശപ്പെട്ടു.
Last Updated Feb 24, 2024, 3:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]