
കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് എസ്.ഡി.പി.ഐയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും വോട്ട് വാങ്ങിയാണ് എന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
വയനാട് മണ്ഡലത്തിൽ ഭൂരിഭാഗവും മുസ്ലിം സാന്ദ്രതയുള്ള പ്രദേശമാണ്. എസ്.ഡി.പി.ഐക്കാരുടെയും ജമാഅത്ത് ഇസ്ലാമിയുടെയും വോട്ട് കൂടി നേടിയിട്ടാണ് പ്രിയങ്ക ഗാന്ധിയും അതിന് മുൻപ് രാഹുൽ ഗാന്ധിയും വിജയിച്ചത് എന്ന് പറയുമ്പോൾ പൊള്ളേണ്ട കാര്യമില്ല എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. അവരുടെ വോട്ട് കൊണ്ട് മാത്രമാണ് ജയിച്ചത് എന്ന് പറയുന്നില്ല, പക്ഷേ അതും കൂടി ചേർത്താണ് ജയിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
വയനാടിന് കീഴിലുള്ള മൂന്ന് മണ്ഡലം മലപ്പുറം ജില്ലയിലാണ്. ഒരെണ്ണം കോഴിക്കോട് ജില്ലയിലാണ്. മറ്റ് മൂന്ന് മണ്ഡലമാണ് വയനാട് ജില്ലയിൽ ഉള്ളത്. വയനാട് തിരഞ്ഞെടുപ്പ് ഫലം അങ്ങനെതന്നെ വിശകലനം ചെയ്യണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെും ഒപ്പം ചേർത്ത് മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിച്ചത് ആരാണ് എന്നതിന് കൃത്യമായ ഉത്തരമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.