വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മ രാധയുടെ (45) മൃതദേഹം സംസ്കരിച്ചു. മന്ത്രി ഒആർ കേളു അടക്കമുള്ളവർ സംസ്കാരചടങ്ങിൽ പങ്കെടുത്തു. നിരവധി പ്രദേശവാസികളാണ് രാധയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ വേണ്ടി സ്ഥലത്തെത്തിയത്. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന രാധയുടെ മൃതദേഹം ഇന്ന് രാവിലെയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
വനം വകുപ്പിന്റെ താത്കാലിക വാച്ചർ പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യ രാധ. കടുവയുടെ ആക്രമണത്തിൽ തലവേർപെട്ടിരുന്നു. ഉടൽ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു. പരിചയക്കാരനായ ചന്ദ്രന്റെ തോട്ടത്തിൽ കാപ്പി പറിക്കുന്ന ജോലിക്ക് പോയതായിരുന്നു രാധ. രാവിലെ എട്ടു മണിയോടെയാണ് അച്ചപ്പൻ സ്കൂട്ടറിൽ കൊണ്ടാക്കിയത്. 11.15 ന് വനമേഖലയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘമാണ് മൃതദേഹം കണ്ടത്. തോട്ടത്തിന്റെ അതിർത്തിയിൽനിന്ന് 150 മീറ്റർ മാറി വനത്തിലായിരുന്നു മൃതദേഹം.
അതേസമയം, നരഭോജി കടുവയ്ക്കായുള്ള തെരച്ചിൽ തുടരുകയാണ്. കടുവയെ വെടിവച്ച് കൊല്ലാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ മന്ത്രി ഒആർ കേളുവിനെ വളഞ്ഞു. പിന്നാലെ വനം മന്ത്രിയുമായി ബന്ധപ്പെട്ടാണ് കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവിറക്കിയത്. മന്ത്രി ഇക്കാര്യം അറിയിച്ചതോടെയാണ് ജനങ്ങൾ ശാന്തരായത്. സ്ഥലത്തെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് ഇന്ന് മാനന്തവാടിയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]