
മാഡ്രിഡ്- സ്പെയിനില്‍ പലിശക്കാരന് കൊലപ്പെടുത്തിയ മൂന്ന് വയോധികരില്‍ രണ്ട് പ്രായമായ സ്ത്രീകള്‍ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പില്‍ കുടുങ്ങിവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പാകിസ്ഥാന് വംശജനായ ദിലാവര്‍ ഹുസൈന് എന്ന 42 കാരനാണ് അറസ്റ്റിലായത്. ഇയാള്‍ കൊലക്കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സഹോദരങ്ങളായ അമേലിയ (67), ഏഞ്ചല്‍സ് (74), ജോസ് ഗുട്ടിറസ് ആയുസോ (77) എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞയാഴ്ച അവരുടെ വീട്ടിലാണ് കണ്ടെത്തിയത്. ഇവരുടെ കടബാധ്യതക്ക് ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുമായുള്ള ബന്ധവും സ്പാനിഷ് പോലീസ് സമഗ്രമായി അന്വേഷിക്കുകയാണ്.
മാഡ്രിഡിന്റെ തെക്ക് കിഴക്ക് മൊറാട്ട ഡി താജുന എന്ന പട്ടണത്തിലാണ് മൂവരും ഒരുമിച്ച് താമസിച്ചിരുന്നത്. ഭാഗികമായി പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കടബാധ്യതയാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയില്‍ നിന്നുള്ള പുരുഷന്മാരെന്ന് അവകാശപ്പെടുന്നവരുമായി വര്‍ഷങ്ങളായി ഏഞ്ചല്‍സും അമേലിയയും ഓണ്‍ലൈന്‍ ബന്ധത്തിലായിരുന്നുവെന്ന് ഇവരുടെ സുഹൃത്തുക്കളും അയല്‍ക്കാരും പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് സ്ത്രീകളും ലക്ഷക്കണക്കിന് ഡോളര്‍ യുഎസ് മിലിട്ടറിയിലാണെന്ന് പരിചയപ്പെടുത്തിയ എഡ്വേര്‍ഡ് എന്നയാള്‍ക്കും അയാളുടെ സുഹൃത്തിനും അയച്ചിരുന്നു. ഇവരുമായുള്ള സമ്പര്‍ക്കം ഫേസ്ബുക്ക് വഴിയായിരുന്നു.
അതേസമയം, മാനസിക വൈകല്യമുള്ള ജോസ് ഗുട്ടിറസ് ആയുസോ പണം അയച്ചതില്‍ ഉള്‍പ്പെട്ടിരുന്നില്ല.
ഓണ്‍ലൈന്‍ ബന്ധം കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സഹോദരിമാര്‍ അയല്‍ക്കാരോടും ബ്ലേഡുകാരോടും കടം വാങ്ങിയെന്ന് സ്പെയിനിലെ എബിസി പത്രം റിപ്പോര്‍ട്ട്ചെയ്തു. പട്ടണത്തിലെ മേയറോടും പുരോഹിതനോടും പോലും പണം ചോദിച്ചിരുന്നു.
ഇവരുടെ വീട്ടില്‍ മാസങ്ങളോളം വാടകക്ക് താമസിച്ചിരുന്നയാളാണ് അറസ്റ്റിലായ ഹുസൈന്. വായ്പ വാങ്ങിയ തുകയോ പലിശയോ സഹോദരിമാര്‍ നല്‍കിയിരുന്നില്ലെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
വീട്ടില്‍ താമസിക്കുമ്പോള്‍ തന്നെ ദിലാവര്‍ ഹുസൈന് രണ്ടുതവണ അമേലിയയെ ആക്രമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ചുറ്റിക ഉപയോഗിച്ച് രണ്ട് തവണ ആക്രമിച്ചത്. രണ്ടാമത്തെ തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ദിലാവര്‍ ഹുസൈന് രണ്ട് വര്‍ഷത്തെ തടവ് ലഭിച്ചെങ്കിലും ഏഴ് മാസത്തിന് ശേഷം കഴിഞ്ഞ സെപ്റ്റംബറില്‍ മോചിതനായി.
വീട്ടിലെ താമസക്കാരെ ദിവസങ്ങളായി പുറത്തുകാണില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതിനെ തുടര്ന്നാ ണ് മൂന്ന് സഹോദരങ്ങളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്.
കാമുകന്മാരെന്ന് കരുതുന്നവര്‍ക്ക് പണം അയക്കാനായി മാഡ്രിഡില്‍ ഇവര്‍ക്കുണ്ടായിരുന്ന വസ്തു വിറ്റിരുന്നുവെന്ന് സഹോദരങ്ങളുടെ സുഹൃത്തും നാട്ടുകാരനുമായ എന്റിക് വെല്ലില്ല പറഞ്ഞു. തട്ടിപ്പാണ് നടക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ സഹോദരിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചെവിക്കൊണ്ടിരുന്നില്ല.
ഏഞ്ചല്‍സ് അധ്യാപികയായിരുന്നു. അമേലിയക്കും നല്ല വിദ്യാഭ്യാസമുണ്ടായിരുന്നു. ഇരുവരും വിഡ്ഢികളായിരുന്നില്ലെന്നും പ്രണയത്തിലായ സാധാരണക്കാരാണെന്നുമാണ് എന്‍ റിക് ബിബിസിയോട് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
