
ദില്ലി: എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനത്തിൽ ഇക്കുറി ഇന്ത്യൻ സൈന്യത്തിനൊപ്പം ഫ്രഞ്ച് സേനയും അണിനിരക്കും. ഫ്രാൻസിൽ നിന്ന് 130 അംഗ സംഘമാണ് കർത്തവ്യപഥിൽ പരേഡിനായി അണിനിരക്കുക. ദില്ലിയിലെ പരേഡ് പുതിയ അനുഭവമെന്ന് ഫ്രഞ്ച് സേനാ അംഗം ക്യാപ്റ്റൻ ലൂയിക് അലക്സാണ്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നാരിശക്തിയുടെ വിളംബരമാണ് രാജ്യതലസ്ഥാനത്തെ ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനപരേഡ്. ഇന്ത്യൻ സൈനിക ശക്തിക്കൊപ്പം ജനങ്ങൾക്കു മുന്നിൽ അണിനിരക്കാൻ സൗഹൃദ രാജ്യമായ ഫ്രാൻസിന്റെ സേനയും തയ്യാർ. ഫ്രഞ്ച് സൈന്യത്തിന്റെ ഇൻഫൻട്രി റെജിമെന്റ്, ഫ്രഞ്ച് മ്യൂസിക് ബാൻഡ് എന്നിവയും കർത്തവ്യപഥിൽ ബൂട്ട് അണിഞ്ഞ് ശക്തി പ്രകടനം നടത്തും. ഒപ്പം ഫ്രഞ്ച് നിർമ്മിത റാഫേൽ യുദ്ധവിമാനവും ആകാശ വിരുന്നൊരുക്കും. ഇന്ത്യൻ, നേപ്പാളി വംശജർ അടങ്ങുന്നതാണ് ഫ്രഞ്ച് സംഘം. ഇന്ത്യൻ സേനക്കൊപ്പമുള്ള പരീശീലനം അഭിമാനമൂഹുർത്തമെന്ന് ക്യാപ്റ്റൻ ലൂയിക് അലക്സാണ്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വികസിത ഭാരത് എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈക്കുറി റിപ്പബ്ലിക്ക് ദിനം. പരേഡിനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയതായി മേജർ ജനറൽ സുമിത് മേത്ത വ്യക്തമാക്കി. മൂന്ന് സേനകളുടെയും സൈനിക പൊലീസിന്റെയും മാർച്ചിംഗ് സംഘത്തെ നയിക്കുക വനിതകളാവും. ക്യാപ്റ്റൻ സന്ധ്യ, ക്യാപ്റ്റൻ ശരണ്യ റാവു, സബ് ലഫ് അനുഷാ യാദവ്, ഫ്ലൈറ്റ് ലഫ് സൃഷ്ടി വെർമ്മ എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ നിന്നായി ഈക്കുറി പരേഡ് നയിക്കുന്നത്.
Last Updated Jan 24, 2024, 3:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]