
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരന്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ പരാമര്‍ശിച്ചു വരുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് വിഎം സുധീരൻ പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം പാർട്ടിയിൽ സജീവമായ വിഎം സുധീരൻ തൃശൂരിൽ നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാലിത് തള്ളി രംഗത്തെത്തുകയായിരുന്നു സുധീരൻ.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില മണ്ഡലങ്ങളില്‍ തന്നെ പരാമര്‍ശിച്ചുകൊണ്ട് വാര്‍ത്തകള്‍ വന്നതായി കാണുന്നു. അതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. പാര്‍ലിമെന്ററി രംഗത്തേക്കില്ലെന്ന നേരത്തേയുള്ള നിലപാടില്‍ മാറ്റവുമില്ലെന്നും വിഎം സുധീരൻ പറഞ്ഞു. നിലവിൽ രാഷ്ട്രീയ ചർച്ച കൊടുമ്പിരി കൊണ്ട തൃശൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി സുധീരനേയും പരിഗണിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രചാരണം. പ്രതാപന് വേണ്ടി മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും അപ്രതീക്ഷിതമായാണ് സുധീരൻ്റെ പേരും ഉയർന്നുവന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വിഎസ് സുനിൽകുമാർ എത്തുമ്പോൾ സുരേഷ് ഗോപിയായിരിക്കും ബിജെപി സ്ഥാനാർത്ഥിയാവുക എന്നതാണ് മറ്റൊരു പ്രചാരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ തൃശൂരിൽ എത്തിയതോടെയാണ് തൃശൂർ മണ്ഡലം ചൂടേറിയ ചർച്ചകളിലേക്ക് കടന്നത്. അതിനിടയിൽ, പ്രതാപനായി തൃശൂരിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. പ്രതാപന്റെ പേരെഴുതിയ ചുവരെഴുത്ത് ചൂണ്ടലിലാണ് കണ്ടത്. നേരത്തെ, ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലെ മതിലിലുമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ‘-പ്രതാപന് തുടരും പ്രതാപത്തോടെ’, ‘-നമ്മുടെ പ്രതാപനെ വിജയിപ്പിക്കുക’ എന്നാണ് എളവള്ളിയിലെ ചുവരെഴുത്ത്. എളവള്ളിയിലെ ചുവരെഴുത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ത്രില്ല് കൊണ്ടാകാം എഴുതിയതെന്നായിരുന്നു ടി.എന്‍ പ്രതാപന്റെ പ്രതികരണം. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമെന്നും പ്രതാപന് വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് നേതാവ് ടി എൻ പ്രതാപനും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കും വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തൃശൂരിൽ സിപിഐ നേതാവ് വി എസ് സുനിൽ കുമാറിനായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. തൃശൂരിലെ വിദ്യാർഥികൾ എന്ന പേരിലുള്ള പഴയ പോസ്റ്ററുകളാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ സുനിൽകുമാര്‍ മത്സരിച്ചപ്പോഴുള്ള പോസ്റ്ററാണ് പ്രചരിക്കുന്നത്. സുനിലേട്ടന് ഒരു വോട്ട് എന്നതാണ് പ്രചാരണ പോസ്റ്ററുകളിലെ വാചകമെന്നതാണ് ശ്രദ്ധേയം. അതിനിടെ, കോണ്‍ഗ്രസ് നേതാക്കളുടെയോ ഭാരവാഹികളുടെയോ അറിവോടെയല്ല ഇതെന്നും പാര്‍ട്ടി അനുഭാവികളായ യുവാക്കളാണ് ആവേശം കൂടി എഴുതിയതെന്നും പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാന്‍ലി പറഞ്ഞിരുന്നു. പ്രവര്‍ത്തകരല്ലാത്തതിനാല്‍ ഇവര്‍ക്കെതിരേ നടപടിയുണ്ടാകില്ലന്നും സ്റ്റാറ്റാന്‍ലി പറഞ്ഞിരുന്നു. ഈ പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെയാണ് സുധീരനും വാർത്തകളിലേക്ക് ഇടം പിടിക്കുന്നത്.
Last Updated Jan 24, 2024, 7:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]