
രാജ്യത്ത് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധന. റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടെ ഇരട്ടിയിലധികം വർധിച്ച് 7.78 കോടിയായി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ആണ് കണക്കുകൾ പുറത്തുവിട്ടത്. 2022-23 സാമ്പത്തിക വർഷത്തിൽ 7.78 ലക്ഷം ആദായ നികുതി റിട്ടേണുകൾ സമർപ്പിച്ചതായി സിബിഡിടി അറിയിച്ചു. 2013-14ൽ സമർപ്പിച്ച 3.8 കോടി ആദായനികുതി റിട്ടേണുകളേക്കാൾ 104.91 ശതമാനം കൂടുതലാണിത്. ഇതേ കാലയളവിൽ, 2022-23ൽ പ്രത്യക്ഷ നികുതി പിരിവ് 160.52 ശതമാനം വർധിച്ച് 16,63,686 കോടി രൂപയായി. 2013-14ൽ ഇത് 6,38,596 കോടി രൂപയായിരുന്നു.
2023-24 ബജറ്റിൽ പ്രത്യക്ഷ നികുതി (വ്യക്തിഗത ആദായനികുതി, കമ്പനി നികുതി) ഇനത്തിൽ 18.23 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സമാഹരിച്ച 16.61 ലക്ഷം കോടി രൂപയേക്കാൾ 9.75 ശതമാനം കൂടുതലാണിത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് കണക്ക് അനുസരിച്ച്, 2022-23 ൽ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 173.31 ശതമാനം വർധിച്ച് 19,72,248 കോടി രൂപയായി. 2013-14 സാമ്പത്തിക വർഷത്തിൽ ഇത് 7,21,604 കോടി രൂപയായിരുന്നു. ഇതോടെ പ്രത്യക്ഷ നികുതി-ജിഡിപി അനുപാതം 5.62 ശതമാനത്തിൽ നിന്ന് 6.11 ശതമാനമായി ഉയർന്നു. അതേ സമയം നികുതി പിരിവിനുള്ള ചെലവ് 2013-14 ലെ 0.51 ശതമാനത്തിൽ നിന്ന് 2022-23 ൽ 0.57 ശതമാനമായി വർദ്ധിച്ചു.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ഈ ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും നികുതിദായകർക്ക് പ്രതീക്ഷകൾ ഏറെയാണ്. പഴയ നികുതി സമ്പ്രദായം നിർത്തലാക്കരുതെന്നും നികുതി രഹിത സ്ലാബിന്റെ പരിധി ഉയർത്തണമെന്നും നികുതിദായകർ ആവശ്യപ്പെടുന്നു. കൂടാതെ, സെക്ഷൻ 80 ഡി പ്രകാരം കിഴിവ് പരിധി ഉയർത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Last Updated Jan 24, 2024, 4:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]