ദുബായ്: അടുത്തവർഷം പാകിസ്ഥാൻ ആതിധേയത്വം വഹിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളുടെ ക്രമം തയ്യാറായി. ഇന്ത്യയുടെ മത്സരങ്ങൾ ഷെഡ്യൂൾ അനുസരിച്ച് ദുബായിൽ നടക്കും. ഫെബ്രുവരി 19നാണ് ആദ്യ മത്സരം. മാർച്ച് ഒൻപതിന് ദുബായിലാണ് ഫൈനൽ മത്സരം. അതേസമയം ഇന്ത്യ ഫൈനലിന് യോഗ്യത നേടിയാൽ ഈ മത്സരവും ദുബായിൽ തന്നെ നടക്കും.
പാകിസ്ഥാനും ന്യൂസിലാന്റും തമ്മിൽ ഫെബ്രുവരി 19ന് കറാച്ചിയിൽ ഏറ്റുമുട്ടുന്നതാണ് ആദ്യ മത്സരം. ഫെബ്രുവരി 20ന് ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ളാദേശുമായാണ്. ആരാധകർ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഫെബ്രുവരി 23നാണ്. മാർച്ച് രണ്ടിനാണ് ഇന്ത്യയുടെ മൂന്നാം മത്സരം. ന്യൂസിലാന്റുമായാണിത്. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു സെമി ഫൈനൽ മത്സരവും ദുബായിലാണ്. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും. നിലവിലെ ചാമ്പ്യന്മാർ പാകിസ്ഥാനാണ്. ന്യൂസിലാന്റ്, ബംഗ്ളാദേശ് എന്നിവയാണ് മറ്റ് ടീമുകൾ.
ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ളണ്ട് എന്നീ ടീമുകളാണ്. അഫ്ഗാൻ ആദ്യമായാണ് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നത്. നിലവിൽ രണ്ടാമത് സെമി ഫൈനലും ശേഷം ഫൈനലും ലാഹോറാണ് വേദി. നോക്കൗട്ട് ഗെയിമുകൾക്ക് റിസർവ് ദിനവുമുണ്ട്. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും മത്സരങ്ങൾ നിഷ്പക്ഷമായ വേദിയിലാണ് നടക്കുക. ഇന്ത്യയിൽ നടക്കുന്ന ഐസിസി ടൂർണമെന്റുകളിൽ പാകിസ്ഥാന്റെ മത്സരം ഇന്ത്യയ്ക്ക് വെളിയിലും പാകിസ്ഥാനിലെ ടൂർണമെന്റുകളിൽ ഇന്ത്യയുടെ മത്സരം പാകിസ്ഥാന് വെളിയിലും ആകും നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]